ലഹരി മരുന്ന് വാങ്ങാൻ പണമില്ല, രണ്ട് കുഞ്ഞുങ്ങളെ 74,000 രൂപയ്ക്ക് വിറ്റ് ദമ്പതികൾ; നാല് പേർ അറസ്റ്റിൽ

Advertisement

മുംബൈ: ലഹരി മരുന്നു വാങ്ങാൻ പണമില്ലാത്തതിനാൽ സ്വന്തം കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയ ദമ്പതികളും സുഹൃത്തുക്കളും അറസ്റ്റിൽ. ഷാബിർ, ഭാര്യ സനിയ ഖാൻ, ഷാക്കീൽ, ഏജന്റായ ഉഷ റാത്തോഡ് എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

രണ്ടുവയസ് പ്രായമുള്ള ആൺകുട്ടിയെയും ഒരുമാസം പ്രായമുള്ള പെൺകുട്ടിയെയുമാണ് ദമ്പതികൾ ഏജന്റ് മുഖേന വിൽപ്പന നടത്തിയത്. ഇതിൽ പെൺകുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ആൺകുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

‘അന്ധേരിയിൽ താമസിക്കുന്ന ഷാബിറും സനിയ ഖാനും ലഹരിമരുന്നിന് അടിമയാണ്. ലഹരി വസ്തു വാങ്ങാൻ പണമില്ലാതെ വന്നപ്പോഴാണ് കുട്ടികളെ വിൽക്കാൻ തീരുമാനിച്ചത്. ഇതിനായി ഷാക്കീൽ വഴിയാണ് ഏജന്റായ ഉഷയെ സമീപിച്ചത്.’ ആൺകുട്ടിയെ 60,000 രൂപയ്ക്കും പെൺകുഞ്ഞിനെ 14,000 രൂപയ്ക്കുമാണ് ഇരുവരും വിൽപ്പന നടത്തിയതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

വിൽപ്പന വിവരം അറിഞ്ഞ ഷാബിറിന്റെ സഹോദരി റുബീന പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ‘ലഹരിമരുന്ന് വാങ്ങാൻ സ്വന്തം കുഞ്ഞുങ്ങളെ ഷാബിർ വിറ്റെന്ന വിവരം ഞെട്ടലോടെയാണ് കേട്ടത്.’ ഉടൻ തന്ന ഡിഎൻ നഗർ പൊലീസിനെ സമീപിച്ച് സഹോദരനും അയാളുടെ ഭാര്യക്കുമെതിരെ പരാതി നൽകുകയായിരുന്നെന്ന് റുബീന പറഞ്ഞു. ‘കുഞ്ഞുങ്ങളെ കാണാതിരുന്നപ്പോഴാണ് താൻ അവരോട് വിവരം ചോദിച്ചത്. ആദ്യം മറുപടി പറയാതെ ഒഴിഞ്ഞുമാറി.’ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് സനിയ കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയെന്ന കാര്യം പറഞ്ഞതെന്നും റുബീന പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത ഡിഎൻ നഗർ പൊലീസ്, പിന്നീടത് ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആൺകുട്ടിക്ക് വേണ്ടി അന്ധേരി അടക്കമുള്ള പ്രദേശങ്ങളിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Advertisement