13ാം വയസിൽ 679ാം റാങ്കോടെ ഐഐടി പ്രവേശനം; 24ാം വയസിൽ ആപ്പിളിൽ ജോലി; ചരിത്രമെഴുതി സത്യം കുമാർ

Advertisement

പാറ്റ്ന: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് എല്ലാ വർഷവും ഐഐടി ജെഇഇ എഴുതുന്നത്. രാജ്യത്തെ ഏറ്റവും കഠിനമായ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയെന്ന് ഈ മത്സര പരീക്ഷയെ വിശേഷിപ്പിക്കാം.

വളരെയധികം പഠനവും കഠിനാധ്വാനവും നടത്തിയാണ് ഉദ്യോ​ഗാർത്ഥികൾ ഈ പരീക്ഷക്ക് ഒരുങ്ങുന്നത്. മത്സര പരീക്ഷകളിലെ വിജയം ചരിത്രത്തിൽ എഴുതി ചേർക്കുന്ന ചില ഉദ്യോ​ഗാർത്ഥികളുണ്ട്. അക്കൂട്ടത്തിലൊരാളാണ് ബീഹാറിൽ നിന്നുള്ള സത്യം കുമാർ. 13-ാമത്തെ വയസ്സിൽ ജെഇഇ പരീക്ഷ ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡാണ് സത്യം കുമാർ സ്വന്തമാക്കിയത്.

ബിഹാറിലെ ഒരു കർഷക കുടുംബത്തിലാണ് സത്യം കുമാർ ജനിച്ചത്. 2010-ൽ 14-ാം വയസിൽ ജെഇഇ പാസ്സായ സഹൽ കൗശികിന്റെ റെക്കോർഡാണ് 2013-ൽ സത്യം കുമാർ 679-ാം റാങ്കോടെ സ്വന്തം പേരിൽ എഴുതിച്ചേർത്തത്. 13ാം വയസ്സിൽ എങ്ങനെയാണ് ഇത്തരമൊരു വിജയത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞതെന്ന് എല്ലാവർക്കും ആശ്ചര്യം തോന്നാം. കുട്ടിക്കാലം മുതൽ മികച്ച ബു​ദ്ധിശക്തി പ്രകടമാക്കുന്ന കുട്ടിയായിരുന്നു സത്യം കുമാർ. 2012-ൽ 12-ാം വയസിലാണ് സത്യം കുമാർ ആദ്യമായി ജെ.ഇ.ഇ എഴുതിയത്. എന്നാൽ 8,137 ആയിരുന്നു അഖിലേന്ത്യാ റാങ്ക്. ഉയർന്ന റാങ്ക് നേടുന്നതിനായി തൊട്ടടുത്ത വർഷം വീണ്ടും എഴുതിയാണ് സത്യം ചരിത്ര നേട്ടത്തിലേക്ക് എത്തിയത്.

“ആദ്യം ലഭിച്ച റാങ്കിൽ ഞാൻ തൃപ്തനായിരുന്നില്ല, അതിനാൽ തൊട്ടടുത്ത വർഷം കൂടി പരീക്ഷ എഴുതാൻ തീരുമാനിച്ചു. കൂടുതൽ മികച്ച റാങ്ക് നേടാൻ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു,” സത്യത്തിന്റെ വാക്കുകളിങ്ങനെ. 2018ൽ ഐഐടി കാൺപൂരിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്-എംടെക് ഡ്യുവൽ ബിരുദം പൂർത്തിയാക്കിയ ശേഷം, ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. 24ാം വയസ്സിലാണ് സത്യം പിഎച്ച്ഡി പൂർത്തിയാക്കിയത്. ഇപ്പോൾ ആപ്പിളിൽ മെഷീൻ ലേണിങ് വിഭാഗത്തിൽ റിസർച്ച് ഇന്റേൺ ആയി ജോലി ചെയ്യുകയാണ് സത്യം കുമാർ.