ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം സങ്കീർണമാകുന്നു. ഓഗർ മെഷീൻ ബ്ലേഡ് തുരങ്കത്തിലെ മൂന്നാമത്തെ പൈപ്പിൽ കുടുങ്ങി.
പൈപ്പിൽനിന്ന് ബ്ലേഡ് എടുക്കാതെ ദൗത്യം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. വനമേഖലയിൽനിന്ന് തുരങ്കത്തിലേക്ക് വെർട്ടിക്കൽ ഡ്രില്ലിങ്ങിലൂടെ മല 100 മീറ്റർ തുരന്ന് രക്ഷാ ദൗത്യം നടത്താനും നീക്കമുണ്ട്. ഇതിനായുള്ള യന്ത്രവും എത്തിച്ചു. യന്ത്രം മലമുകളിലെത്തിക്കാൻ മണിക്കൂറുകൾ എടുക്കും.
അവശിഷ്ടങ്ങൾ നിറഞ്ഞു കിടക്കുന്നതു രക്ഷാദൗത്യത്തിനു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡ്രില്ലിങ് യന്ത്രത്തിനു പ്രവർത്തിക്കാനാകാത്ത വിധം അവസാന പത്തുമീറ്ററിൽ ഇരുമ്പ്, സ്റ്റീൽ ഭാഗങ്ങൾ നിറഞ്ഞു കിടക്കുകയാണ്. രാത്രി എട്ട് മണിയോടെ ഡ്രില്ലിങ് യന്ത്രം മാറ്റിവച്ചു മർദം നൽകുന്ന ഉപകരണം കൂടി ഉപയോഗിച്ച് രക്ഷാകുഴൽ അകത്തേക്കു തള്ളിനീക്കുകയെന്ന ദുഷ്കര ദൗത്യത്തിലേക്കു സംഘം കടന്നിരുന്നു. 14 നാൾ നീണ്ട രക്ഷാദൗത്യത്തിലെ ഏറ്റവും സങ്കീർണമായ ഘട്ടമാണിത്. ഇതുവരെ സ്ഥാപിച്ച കുഴലിനുള്ളിലൂടെ നിരങ്ങിനീങ്ങി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാൻ ശ്രമിക്കുന്നുണ്ട്.
കോൺക്രീറ്റ് അടിത്തറ തകർന്നതിനാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് നിർത്തിവച്ച ഡ്രില്ലിങ് യന്ത്രത്തിന്റെ പ്രവർത്തനം ഇന്നലെ വൈകിട്ട് ആറിനാണ് പുനരാരംഭിക്കാനായത്. അവശിഷ്ടങ്ങളിലെ കാഠിന്യമേറിയ ഭാഗത്തു തട്ടി രക്ഷാകുഴലിന്റെ മുൻഭാഗം തകർന്നിരുന്നു. ദൗത്യസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇതു നീക്കം ചെയ്തു. ഇതോടെ കുഴലിന്റെ നീളം അൽപം കുറഞ്ഞു. തുടർന്ന് ഡ്രില്ലിങ് നടത്തിയപ്പോഴാണ് കാഠിന്യമേറിയ ഭാഗം വീണ്ടും പ്രശ്നമായത്.