സൈനികനായ മകന്റെ വേർപാടിൽ പൊട്ടിക്കരയുന്ന അമ്മ, അവർക്ക് മുന്നിൽ ഫോട്ടോഷൂട്ടുമായി മന്ത്രിയും എംഎൽഎയും-വിമർശനം

Advertisement

ആ​ഗ്ര: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ അമ്മയെ ഉപയോ​ഗിച്ച് ഫോട്ടോഷൂട്ട് നടത്തിയെന്ന് ബിജെപി നേതാക്കൾക്കെതിരെ ആരോപണം. ഉത്തർപ്രദേശിലെ രണ്ട് ബിജെപി നേതാക്കൾക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയർന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ അമ്മയുടെ ദുഃഖം ഫോട്ടോഷൂട്ടിന് ഉപയോ​ഗിച്ചുവെന്നാണ് ആരോപണം.

അമ്മ പൊട്ടിക്കരയുന്നതിനിടെ സഹായധനത്തിന്റെ ചെക്ക് നൽകുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ചെക്കുകൾ കൈമാറാൻ ശ്രമിക്കുന്നതിനിടെ അമ്മ കരയുകയും ഫോട്ടോയെടുക്കുന്നത് നിർത്താൻ പറയുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. യുപി മന്ത്രി യോഗേന്ദ്ര ഉപാധ്യായയും ബിജെപി എംഎൽഎ ജിഎസ് ധർമ്മേഷുമാണ് ഇത്തരത്തിൽ അനുചിതമായി പെരുമാറിയത്. ബിജെപി നേതാക്കളുടെ പെരുമാറ്റത്തെ കോൺഗ്രസും എഎപിയും വിമർശിച്ചു. ഹൃദയശൂന്യമായ വേദനയെന്നാണ് വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിലെ രജൗരിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും തമ്മിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരിൽ ക്യാപ്റ്റൻ ശുഭം ഗുപ്തയുടെ അമ്മക്കാണ് ദുരനുഭവമുണ്ടായത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച ക്യാപ്റ്റൻ ഗുപ്തയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ​ഗ്രയിലെ വസതിയിൽ വെച്ച് അമ്മയ്ക്ക് ചെക്കുകൾ കൈമാറുമ്പോൾ ഇത് ഒരു പൊതു പ്രദർശനമാക്കരുതെന്ന് സൈനികന്റെ അമ്മ ആവർത്തിച്ച് പറയുന്നു.

എന്റെ മകനെ തിരികെ കൊണ്ടുവരൂ, എനിക്ക് ഇതല്ല വേണ്ടതെന്നും അവർ പറഞ്ഞു. എന്നാൽ മന്ത്രിയും എംഎൽഎയും ഇതൊന്നും ശ്രദ്ധിക്കാതെ ഫോട്ടോയെടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചെന്നാണ് ആരോപണം. മന്ത്രിയുടെയും എംഎൽഎയുടെയും നടപടി ലജ്ജാകരമെന്നാണ് കോൺ​ഗ്രസ് വിശേഷിപ്പിച്ചത്.

ക്യാപ്റ്റൻ ശുഭം ഗുപ്ത 2015 ൽ ഇന്ത്യൻ ആർമിയിൽ ചേരുകയും 2018 ൽ സൈനിക സേവനത്തിന് നിയോ​ഗിക്കുകയും ചെയ്തു. ആദ്യ പോസ്റ്റിംഗ് ഉധംപൂരിലായിരുന്നു. ക്യാപ്റ്റൻ എം വി പ്രഞ്ജാൽ, ഹവിൽദാർ അബ്ദുൾ മജിദ്, ലാൻസ് നായിക് സഞ്ജയ് ബിഷ്ത്, പാരാട്രൂപ്പർ സച്ചിൻ ലോർ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റ് നാല് സൈനികർ. ഐഇഡി വിദഗ്ധനും പരിശീലനം ലഭിച്ച സ്‌നൈപ്പറുമായ സീനിയർ കമാൻഡർ ഉൾപ്പെടെ രണ്ട് പാകിസ്ഥാൻ ഭീകരരും വെടിയേറ്റ് മരിച്ചിരുന്നു.

Advertisement