26/11… മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 15 വർഷം

Advertisement

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം. 2008 നവംബര്‍ 26നാണ്.  ലഷ്‌കര്‍ ഇ തൊയ്ബ എന്ന ഭീകരസംഘടനയുമായി ബന്ധമുള്ള പത്ത് തീവ്രവാദികൾ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഭീകരാക്രമണ പരമ്പര നടത്തിയത്. 
26/11 മുംബൈ ഭീകരാക്രമണത്തിന് ഇരയായ എല്ലാവരെയും രാജ്യം വേദനയോടെ ഓര്‍ക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു എക്‌സില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും ഹീനമായ ആക്രമണമായിരുന്നുവെന്നും മറക്കാനാകാത്ത ദിനമെന്നും പ്രധാമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.

ധീരരായ ആത്മാക്കളുടെ സ്മരണയ്ക്കായി ഞങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം നില്‍ക്കുന്നു. മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ പരമോന്നത ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട്, എല്ലായിടത്തും എല്ലാത്തരം ഭീകരതയെയും ചെറുക്കാനുള്ള പ്രതിജ്ഞ നമുക്ക് പുതുക്കാമെന്നാണ് രാഷ്ട്രപതി കുറിച്ചത്. 
അറുപത് മണിക്കൂറോളമാണ് ആക്രമണം നീണ്ട് നിന്നത്. നഗരത്തിലുടനീളം ഒന്നിലധികം സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
താജ്മഹല്‍ പാലസ് ഹോട്ടല്‍, ഒബ്‌റോയ് ട്രിഡന്റ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ ഹൗസ്, പ്രശസ്ത കഫേയായ ലിയോപോള്‍ഡ് തുടങ്ങി മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ത്യന്‍ ആര്‍മി ആക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ പിടിച്ചെടുക്കുന്നത് വരെ നീണ്ടുനിന്ന പോരാട്ടത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരും പൗരന്മാരും അടക്കം 160ല്‍ അധികം നിരപരാധികളാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് അജ്മല്‍ അമിര്‍ കസബ് ഉള്‍പ്പെടുന്ന സംഘം ആണ് ആക്രമണം നടത്തിയത്. ആക്രമണം നടന്ന പിറ്റേന്ന് തന്നെ അജ്മല്‍ കസബിനെ പൊലീസ് ജീവനോടെ പിടികൂടി.