സിൽക്യാര തുരങ്കം;തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു

Advertisement

ഉത്തരകാശി: തിരിച്ചടികൾ പിന്നിട്ട് സിൽക്യാര തുരങ്കത്തിലെ രക്ഷാദൗത്യത്തിൽ പുരോഗതി. തുരങ്കത്തിലുള്ള 41 തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാൻ കഴിയുമെന്നാണ് രക്ഷാ സംഘത്തിൻ്റെ പ്രതീക്ഷ. തൊഴിലാളികളുടെ സമീപത്തേക്ക് രക്ഷാകുഴൽ തള്ളി നീക്കുന്ന ജോലി ഇന്നലെ വൈകിട്ട് 4.30ന് പുനരാരംഭിച്ചിരുന്നു.രണ്ടര മണിക്കൂർ കൊണ്ട് ഇത് ഒരു മീറ്റർ മുന്നോട്ടുനീങ്ങി. ഇതേ വേഗത്തിൽ നീങ്ങിയാൽ ഇന്നു രാവിലെ തൊഴിലാളികളെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടിഞ്ഞ ടണലിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികളുടെ സമീപം വരെ ആകെ 10 മീറ്ററാണ് കുഴൽ നീക്കേണ്ടത്. വിശ്രമമില്ലാതെ ദൗത്യസംഘം ശ്രമം തുടരുകയാണ്.
കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനു പുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി.
രാജ്യം ഒന്നാകെ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ശുഭവാർത്ത ഇന്ന് തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഏവർക്കും.

Advertisement