ഭക്ഷണത്തിന് രുചി പോര, വഴക്ക്; മകൻ അമ്മയെ അരിവാളുകൊണ്ട് കഴുത്തിന് വെട്ടി കൊന്നു, പിന്നാലെ ആത്മഹത്യാ ശ്രമം

Advertisement

താനെ: ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്.

താനെയിലെ മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂര കൊലപാതകം സംഭവിച്ചത്. ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അമ്മയുമായി വഴക്കിട്ട മകൻ ഒടുവിൽ അരിവാളുകൊണ്ട് സ്വന്തം അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം മകൻ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും താനെ റൂറൽ പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രതിയായ യുവാവും 55 വയസുള്ള അമ്മയും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു.

സംഭവ ദിവസമായ ഞായറാഴ്ചയും ഇവർ തമ്മിൽ വഴക്കിട്ടു. അമ്മ വെച്ചുണ്ടാക്കിയ ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം. വഴക്കിനിടെ കോപാകുലനായ മകൻ അമ്മയുടെ കഴുത്തിൽ അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തുന്നത്. പൊലീസ് എത്തി തുടർനടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

സംഭവത്തിന് ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആബോധാവസ്ഥയിലായ ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.