മുംബൈ: ഇന്ത്യൻ യുവാവിനെതിരെ ബലാത്സംഗ പരാതിയുമായി മെക്സിക്കൻ യുവതി രംഗത്ത്. ഡേറ്റിങ്ങിനിടയിലും വേർപിരിഞ്ഞതിന് ശേഷവും തന്നെ ബലാത്സംഗം ചെയ്യുകയും ഓറൽ സെക്‌സിന് നിർബന്ധിക്കുകയും ചെയ്തെന്നാരോപിച്ച് 31 കാരിയായ മെക്‌സിക്കൻ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
പരാതിയിൽ ഇവന്റ് സംഘാടകനായി ജോലി ചെയ്യുന്ന യുവാവിനെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2017ൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തതോടെ മുംബൈയിലെത്തി. വാക്കുപ്രകാരം ഇയാൾ ജോലി നൽകുകയും ചെയ്തു. ജോലിയുടെ ഭാഗമായി യുവാവിനൊപ്പം രാജ്യത്തുടനീളം യാത്ര ചെയ്യേണ്ടി വന്നു. 2018ൽ ഇരുവരും പ്രണയത്തിലായി. 2019 ൽ യുവതി ബാന്ദ്രയിലെ യുവാവിന്റെ വീട് സന്ദർശിച്ചപ്പോൾ അയാൾ തന്നെ ബലാത്സംഗം ചെയ്‌തെന്നും പിന്നീട് അതേ വർഷം തന്നെ ബംഗളൂരുവിലെ ഒരു ഹോട്ടലിൽവെച്ച് ഇയാൾ നിർബന്ധിച്ച് ഓറൽ സെക്‌സ് ചെയ്യിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. വിസമ്മതിച്ചാൽ കമ്പനിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
2019-ൽ ചണ്ഡീഗഡിലെയും കൊൽക്കത്തയിലെയും ഹോട്ടലുകളിൽ വെച്ച് ബലാത്സംഗത്തിനിരയായെന്നും പരാതിയിൽ പറയുന്നു. 2020-ൽ മറ്റൊരു സ്ത്രീയെ യുവാവ് വിവാഹം കഴിച്ചതോടെ ഇയാളുമായുള്ള ബന്ധം പൂർണമായി അവസാനിപ്പിച്ചു. എന്നാൽ, വിവാഹത്തിന് ശേഷവും അയാൾ ലൈംഗികാവശ്യത്തിനായി സമീപിച്ചു. വിസമ്മതിച്ചപ്പോൾ മാനസികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
2022ൽ ബെൽജിയൻ ഹോട്ടലിൽ വച്ചും ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. പ്രതി തന്റെ മോശം ഫോട്ടോകളും അയച്ചുവെന്നും പിന്നീട് തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും അവർ ആരോപിച്ചു. അടുത്തിടെ, ജുഹുവിൽ ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ, പ്രതി മോശമായി പെരുമാറി. നവംബർ 25ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി.