ന്യൂഡെൽഹി: രാജ്യം ഉറ്റ് നോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് .മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥനങ്ങളിലെ വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും. ആദ്യഫല സൂചനകൾ 9 മണിയോടെ അറിയാം. മിസ്സോറാമിൽ നാളെയാണ് വോട്ടെണ്ണൽ .കോൺഗ്രസിനും ബിജെപിക്കും ഫലം നിർണ്ണായകമാണ്.
പ്രാദേശിക സാഹചര്യങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാനമെങ്കിലും ദേശീയ നേതാക്കൾ മുന്നിട്ടിറങ്ങിയ തെരഞ്ഞെടുപ്പു പ്രചാരണമാണ് നടന്നത്. ബി.ജെ.പി ഒരുവശത്തും പ്രതിപക്ഷ പാർട്ടികൾ ഇൻഡ്യയുടെ ബാനറിൽ മറുവശത്തും നിൽക്കുന്നതിനിടയിൽ പുറത്തുവരുന്ന ഫലം, ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രവണതകൾ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
15 വർഷമായി ഭരിക്കുന്ന മധ്യപ്രദേശിൽ നാലാമൂഴം തേടുകയാണ് ബി.ജെ.പി. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിൽ ബി.ജെ.പിയെ താഴെയിറക്കിയാൽ പ്രതിപക്ഷനിരക്ക് വിശ്വാസ്യത നൽകി ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്നിൽനിന്ന് നയിക്കാൻ കരുത്തു നേടാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. തുടർഭരണത്തിനുവേണ്ടി കോൺഗ്രസും പതിവുപോലെ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ബി.ജെ.പിയും നിൽക്കുന്ന രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. തെലങ്കാനയിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരം പിടിക്കാമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്കിടയിൽ, മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബി.ആർ.എസിന് വെല്ലുവിളികൾ പലതാണ്. ഛത്തിസ്ഗഢിൽ മെച്ചപ്പെട്ട പ്രവർത്തനം വഴി ഭരണത്തുടർച്ച നേടാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.