ഉദ്യോഗസ്ഥ‍‍ര്‍ കേസ് ഫയൽ മോഷ്ടിച്ചു, രേഖകൾ ഫോണിൽ പകര്‍ത്തി; വിജിലൻസിനെതിരെ എൻഫോഴ്സ്മെന്റ്, തമിഴ്നാട്ടിൽ പോര്

Advertisement

ചെന്നൈ: തമിഴ്നാട് വിജിലൻസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രംഗത്ത്. ഇഡി ഓഫീസിലെ റെയ്ഡ് നിയമവിരുദ്ധവും ദുഷ്ടലാക്കൊടെയുളളതുമാണെന്നും പല പ്രധാന കേസുകളുടെയും ഫയൽ മോഷ്ടിച്ചുവെന്നും ഇഡി ആരോപിച്ചു. പല കേസ് രേഖകളും ഫോണിൽ പകർത്തി.

വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം. തമിഴ്നാട് ഡിജിപിക്ക് ഇഡി രേഖമൂലം പരാതി നൽകി. സുപ്രധാന കേസുകളുടെ അന്വേഷണം ആട്ടിമറിക്കാൻ ശ്രമമെന്നാണ് പരാതിയിലെ ആരോപണം.

കൈക്കൂലി കേസിൽ കഴിഞ്ഞ ദിവസം, ഇഡി ഉദ്യോഗസ്ഥനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥനുമൊത്ത് മധുര ഇഡി ഓഫിസിൽ പരിശോധനയും നടത്തി. ഡിണ്ടിഗൽ മധുര ദേശീയപാതയിൽ രാവിലെ ഒൻപത് മണിക്കാണ് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരി പിടിയിലായത്. ഡിണ്ടിഗൽ സ്വദേശിയായ ഡോക്ടര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പഴായിരുന്നു അറസ്റ്റ്.

ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് 31 ലക്ഷം രൂപ കൈപറ്റിയതിന് പിന്നാലെ വിജിലൻസ് സംഘമെത്തി തിവാരിയെ അറസ്റ്റുചെയ്തു. പിന്നാലെ ഇയാളുടെ വീട്ടിലും മധുരയിലെ ഇഡി സബ് സോണൽ ഓഫീസിലും പരിശോധനയും നടത്തി.അടുത്തിടെ ഇഡി റെയ്ഡ് നേരിട്ട മണൽ കോൺട്രാക്ടര്‍മാരോടും ഇയാളും മറ്റ് ചില ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെിരുന്നതായും സൂചനയുണ്ട്.