തെലങ്കാനയില്‍ കോണ്‍ഗ്രസ് പടയോട്ടത്തിനിടെ സിപിഐക്ക് മിന്നും വിജയം, ഛത്തീസ്​ഗഡിലും ഒരു സീറ്റ്

Advertisement

ഹൈദരാബാദ്:തെലങ്കാനയില്‍ കോണ്‍ഗ്രസ് പടയോട്ടത്തിനിടെ സിപിഐക്ക് മിന്നും വിജയം.ഖമ്മം ലോക്‌സഭ മണ്ഡലത്തിലെ കൊത്തഗുഡം നിയമസഭാ മണ്ഡലത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ കുനംനേനി സാംബശിവറാവു മിന്നും വിജയം സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വനമ വെങ്കിടേശ്വേര റാവു ജയിച്ച മണ്ഡലമാണ് കൊത്തഗുഡ്. ഇത്തവണ കോണ്‍ഗ്രസ് ധാരണ പ്രകാരം സീറ്റ് സിപിഐക്ക് വിട്ടു നല്‍കുകയായിരുന്നു. 29 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന മണ്ഡലത്തില്‍ ഇടതുപക്ഷത്തെ ഫോര്‍വേഡ് ബ്ലോക്ക് സഥാനാര്‍ത്ഥി ജലഗം വെങ്കിട്ട റാവുവാണ് സാംബശിവറാവുവിന്റെ മുഖ്യഎതിരാളി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് പവന്‍ കല്യാണിന്റെ ജെഎസ്പി സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടായിരുന്നു.

2009ല്‍ ആന്ധ്രാപ്രദേശ് നിയമസഭയുടെ ഭാഗമായിരിക്കെ ഇതേ മണ്ഡലത്തില്‍ സാംബശിവ റാവു സിപിഐ ടിക്കറ്റില്‍ വിജയിച്ചിട്ടുണ്ട്. നല്‍ഗൊണ്ടയും ഖമ്മവും പോലുള്ള പഴയ കമ്യൂണിസ്റ്റ് കോട്ടകളില്‍ ബിആര്‍എസ് തേര്‍വാഴ്ചയ്ക്ക് അറുതി വരുത്താന്‍ ഇടതുകക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണക്ക് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു.

കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ കഴിയാതെ വന്ന സിപിഐഎം തെലങ്കാനയില്‍ 19 സീറ്റില്‍ മത്സരിച്ചു. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം അടക്കം മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. 2018ലും പാര്‍ട്ടി 26 സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

2014ല്‍ മാത്രമാണ് ഭദ്രാചലം സീറ്റില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചത്. 2014ല്‍ നല്‍ഗൊണ്ടയിലെ ദേവര്‍കൊണ്ട സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥിയും വിജയിച്ചിരുന്നു. ഒരു കാലത്ത് അവിഭക്ത ആന്ധ്രയിലെ രാഷ്ട്രീയ ശക്തികളായ ഇടതുപാര്‍ട്ടികള്‍ക്ക് സിപിഐയിലൂടെ ഇത്തവണ തെലങ്കാന നിയമസഭയില്‍ പ്രാതിനിധ്യം നേടാന്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടി വന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ ഖമ്മത്തും നല്‍ഗൊണ്ടയിലുമൊക്കെ ഇടതുപക്ഷം ബിആര്‍എസിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ തെലുങ്കുദേശത്തിനും കോണ്‍ഗ്രസിനുമൊപ്പം സഖ്യത്തില്‍ മൂന്ന് സീറ്റില്‍ മത്സരിച്ച സിപിഐക്ക് ഒരിടത്തും നിലം തൊടാനായില്ല.

ഛത്തീസ്ഗഡിലും സിപിഐക്ക് വിജയം നേടാനായി. കൊണ്ട മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി മനീഷ് കഞ്ജം വിജയിച്ചു.