ന്യൂഡെല്‍ഹി. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണമുറപ്പിച്ച ബിജെപിയും തെലങ്കാനയില്‍ ഭരണമുറപ്പിച്ച് കോണ്‍ഗ്രസും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകളും സജീവമാക്കി. ബിജെപി ഉറപ്പിച്ച മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും എടുക്കുക. അപ്പോഴും ആരായിരിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച മുറുകുകയാണ്.
രാജസ്ഥാനില്‍ വസുന്ധരക്ക് പുറമെ ബാബ ബാലക് നാഥ്, ഗജേന്ദ്ര സിങ് ശെഖാവത്, ദിയ കുമാരി തുടങ്ങിയ നേതാക്കളുടെ പേരുകളും ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. മധ്യപ്രദേശില്‍ ചൗഹാനും കൈലാഷ് വിജയ് വര്‍ഗീയയും പരിഗണനയിലുണ്ട്. ഇവര്‍ക്ക് പുറമെ പ്രഹ്ലാദ് പട്ടേലിന്റെ പേരും ചര്‍ച്ചയിലുണ്ടെന്നാണ് വിവരം. ഛത്തീസ്ഗഡില്‍ രമണ്‍സിംഗിനാണ് മുഖ്യമന്ത്രി സ്ഥാനത്തിനുള്ള സാധ്യത. രമണ്‍ സിംഗിന് പുറമെ അരുണ്‍ സാഹോ, രേണുക സിംഗ്, ഒപി ചൗധരി തുടങ്ങിയ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് ജയിച്ച തെലങ്കാനയില്‍ രേവന്ത് റെഡ്ഢി തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. രേവന്ത് റെഡ്ഡിക്ക് പുറമെ മല്ലു ഭട്ടി വിക്രമാര്‍ക്കയുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം. രേവന്ത് റെഡ്ഡിക്കുള്ള ജനസമ്മതി കണക്കിലെടുത്ത് അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടങ്ങളില്‍ വിജയിച്ചാണ് ബിജെപി വലിയ നേട്ടം കൊയ്തത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചപ്പോള്‍ തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായത്. മധ്യപ്രദേശില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടായപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍നിന്ന് അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപിക്കായി. ആദിവാസി വിഭാഗങ്ങളുടെയും കര്‍ഷകരുടെയും പിന്തുണ ുറപ്പിക്കാന്‍ ബിജംപിക്കായി. ഇന്ത്യാമുന്നണിയുടെ ബലഹീനത വെളിവാക്കുന്നതായി തിരഞ്ഞെടുപ്പ്.