ന്യൂഡൽഹി: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. 2025നുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സർക്കാർ പാർലമെൻറിൽ അറിയിച്ചു.
കരിപ്പൂരിലെ കോഴിക്കോട് രാജ്യാന്തര വിമാനത്താവളവും ഈ പട്ടികയിലുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയക്ക് നൽകാനുള്ള കേന്ദ്ര തീരുമാനത്തിൻറെ ഭാഗമായാണ് ഈ നടപടി.
നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, മംഗളൂരു രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് നൽകിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ രാജ്യത്തെ കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യ മേഖലക്ക് നൽകുകയാണെന്ന് കേന്ദ്രം അറിയിക്കുന്നത്. 2018 മുതൽ ഇതുവരെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവത്ക്കരിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പാർലമെൻറിൽ അറിയിച്ചു. മികച്ച പ്രവർത്തനത്തിനും നിക്ഷേപം ലക്ഷ്യമിട്ടുമാണ് സ്വകാര്യവത്കരണമെന്ന് വ്യോമയാന മന്ത്രാലയം പാർലമെൻറിൽ വ്യക്തമാക്കി.