ന്യൂഡൽഹി: മിസോറാമിൽ ഭരണകക്ഷിയായ എംഎൻഎഫിനെയും കോൺഗ്രസിനെയും പിന്തള്ളിയുള്ള ഇസെഡ് പിഎമ്മിന്റെ കുതിപ്പിൽ നിലവിലെ മുഖ്യമന്ത്രിയും വീണു. മുഖ്യമന്ത്രി സോറം താങ്ഗ ഐസ്വാൾ ഈസ്റ്റ്-1 മണ്ഡലത്തിൽ 2101 വോട്ടിനാണ് തോറ്റത്.
ഇവിടെ സെഡ് പിഎം സ്ഥാനാർത്ഥി ലാല്താൻ സാങ്ഗയാണ് വിജയിച്ചത്. മിസോറാമിൽ ഭരണകക്ഷിയായ എംഎൻഎഫിനെ ഏറെ പിന്നിലാക്കി, രൂപീകരിച്ച് നാലുവർഷം മാത്രമായ ഇസെഡ് പിഎം പാർട്ടി വലിയ ഭൂരിപക്ഷത്തിലെത്തിയത്. നിലവിൽ നാൽപ്പത് സീറ്റിൽ 27 ഇടത്ത് ഇസെഡ് പിഎം 10 ഇടത്ത് എംഎൻഎഫ് രണ്ടിടത്ത് ബിജെപി ഒരിടത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവ മുന്നിട്ട് നിൽക്കുന്നു.
അതികായരെയടക്കം കടപുഴക്കിയാണ് മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്ക് മുന്നേറുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ സെഡ്പിഎംനായിരുന്നു മേൽക്കൈ. ആദ്യ മണിക്കൂറിൽ തന്നെ കേവല ഭൂരിപക്ഷം കടന്നു. ഗ്രാമ നഗര വ്യത്യാസമില്ലാതെ എക്സിറ്റ് പോൾ പ്രവചനങ്ങളും തെറ്റിച്ച് എംഎൻഎഫ് കോട്ടകൾ സെഡ്പിഎം പിടിച്ചെടുത്തു. ഒറ്റയ്ക്ക് സർക്കാറുണ്ടാക്കുമെന്ന് ഇസെഡ് പി എം പ്രഖ്യാപിച്ചു. ഭരണ വിരുദ്ധ വികാരമാണ് എംഎൻഎഫിന് തിരിച്ചടിയായത്. മുഖ്യമന്ത്രി സോറം താങ്ഗയ്ക്കെ പുറമെ ഉപമുഖ്യമന്ത്രി താവ്ൻലുയയും പല മന്ത്രിമാരും തോറ്റു. കോൺഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന അധ്യക്ഷൻമാർ മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ക്യാമ്പ് ചെയ്തുള്ള പ്രചാരണവും കോൺഗ്രസിനെ തുണച്ചില്ല. കിങ് മേക്കറാകാൻ കൊതിച്ച കോൺഗ്രസിന് ഒരു സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. ബിജെപി രണ്ട് സീറ്റ് നേടി നില മെച്ചപ്പെടുത്തി. എൻഡിഎ സഖ്യത്തിലാണെങ്കിലും മണിപ്പൂർ കലാപം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിൽ ബിജെപിക്കെതിരെ നിലപാടെടുത്ത സോറം താങ്ഗ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടാൻ തയാറായിരുന്നില്ല. മണിപ്പൂർ കലാപം എംഎൻഎഫിനെ ഒരു പരിധി വരെ ബാധിച്ചെങ്കിലും താരതമ്യേന പുതിയ പാർട്ടിയായ സെഡ്പിഎം യുവവോട്ടർമാരിൽ ഉയർത്തിയ പ്രതീക്ഷയാണ് ഈ വൻ വിജയത്തിന് കാരണം.
40 സീറ്റുകളിലേക്ക് 174 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പമാണ് മിസോറാമിലും വോട്ടെടുപ്പ് നടന്നത്. എന്നാൽ മിസോറാമിൽ ഞായറാഴ്ച മതപരമായ പ്രാർത്ഥനകൾ നടക്കാനുള്ളത് ചൂണ്ടിക്കാട്ടി വിവിധ ജനവിഭാഗങ്ങൾ വോട്ടെണ്ണൽ മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇന്നലെ നടക്കാനിരുന്ന വോട്ടെണ്ണൽ ഇന്നേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത്.