ചെന്നൈ. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണി വരെ അടച്ചിടും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി തുടരും.
കനത്ത മഴയെ തുടര്‍ന്ന് 20 വിമാനങ്ങള്‍ വൈകുകയും 10 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നേരത്തെ റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ രാത്രി 11 മണി വരെ നിര്‍ത്തിവെച്ചിരുന്നു.
അതേസമയം, മിഷോങ് തീവ്ര ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്ക് മുൻപ് ആന്ധ്രയില്‍ തീരം തൊടും. ചെന്നൈയില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്. ഇവിടങ്ങളില്‍ മഴ പൂര്‍ണമായി മാറി രണ്ട് മണിക്കൂറിനു ശേഷമെ വൈദ്യുതി പുന:സ്ഥാപിക്കാൻ സാധിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു. നഗരത്തിലെ ബ്രോഡ് വെയിലാണ് അപകടം. ദിണ്ടിഗൽ സ്വദേശി പത്മനാഭൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം, മഴവെള്ളത്തിൽ റോഡിലൂടെ നടക്കുമ്പോഴാണ് ഷോക്കേറ്റത്. പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. കനത്ത മഴയിൽ ചെന്നൈയിൽ ഇതുവരെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഈസ്റ്റ് കോസ്റ്റ് റോഡിലെ കാനത്തൂരിൽ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. ഝാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്.