തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകാന്‍ രേവന്ത് റെഡ്ഢി

Advertisement

തെലങ്കാന. നാടിന്‍റെ പുതിയ മുഖ്യമന്ത്രിയാകാന്‍ രേവന്ത് റെഡ്ഢി . രേവന്തിന് വേണ്ടി കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും കൈപൊക്കിയതോടെയാണ് മുഖ്യമന്ത്രിആരെന്ന തീരുമാനമായത്.

രേവന്ത് റെഡ്ഡിയെ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. രേവന്ത് റെഡ്ഡി വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

അതേസമയം കെ സി വേണുഗോപാല്‍ തെലങ്കാനയിലെ വിജയത്തിനായി പ്രവര്‍ത്തിച്ച നിരീക്ഷകര്‍ക്കും നേതാക്കള്‍ക്കും നന്ദി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

രേവന്തിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡികെ ശിവകുമാറും എഐസിസി നിരീക്ഷകരും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. ഡികെയും എഐസിസി നിരീക്ഷകരും തിങ്കളാഴ്ച്ചയാണ് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. വിജയിച്ച 64 എംഎല്‍എമാരുടേയും അഭിപ്രായം അറിഞ്ഞ ശേഷമാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.

അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി നിരീക്ഷകനായ മല്ലു ഭട്ടി വിക്രമാര്‍കയുടെ പേര് ചിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉത്തം കുമാര്‍ റെഡ്ഡി, ശ്രീധര്‍ ബാബു എന്നിവരുടെ പേരും ചിലര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന പിന്തുണ രേവന്ത് റെഡ്ഡിക്കുണ്ടെന്നാണ് വിവരം. എന്നാലും ഹൈക്കമാന്‍ഡിന്റേതായിരുന്നു അവസാന തീരുമാനം.

Advertisement