ബിജെപി ജയിച്ചത് ഗോമൂത്ര സംസ്ഥാനങ്ങളിലെന്ന പരിഹാസം; ഡിഎംകെ എം.പിക്ക് പിന്തുണയുമായി വൈകോ

Advertisement

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിച്ചത് ഗോമൂത്ര സംസ്ഥാനങ്ങളിലാണെന്ന പരിഹാസം വിവാദമായതോടെ ഡിഎംകെ എം.പിയെ പിന്തുണച്ച്‌ എംഡിഎംകെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം) എം.പി വൈകോ.

തമിഴ്നാട്ടിലെ ധര്‍മപുരി എം.പി ഡി.എൻ.വി സെന്തില്‍കുമാറാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സെഷനില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

“ഞാൻ അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണ്”- വൈകോ പറഞ്ഞു. ‘ഗോമൂത്ര’ സംസ്ഥാനങ്ങള്‍ എന്ന് നമ്മള്‍ പൊതുവെ വിളിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് ബിജെപിയുടെ ശക്തിയെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ ചിന്തിക്കണം’- എന്നാണ് ഡിഎൻവി സെന്തില്‍കുമാര്‍ ലോക്സഭയില്‍ പറഞ്ഞത്.

‘നിങ്ങള്‍ക്ക് ദക്ഷിണേന്ത്യയിലേക്ക് വരാനാകില്ല. തമിഴ്‌നാട്, കേരള, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ അത് മനസിലാവും. ഞങ്ങള്‍ അവിടെ വളരെ ശക്തരാണ്. നിങ്ങള്‍ക്ക് പരോക്ഷ ഭരണം നടത്താൻ ഈ സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയാലും ആശ്ചര്യപ്പെടാനില്ല’.

‘കാരണം നിങ്ങള്‍ക്കവിടെ പ്രത്യക്ഷത്തില്‍ അധികാരത്തിലെത്താൻ കഴിയില്ല. നിങ്ങള്‍ക്കൊരിക്കലും അവിടെ കാലുറപ്പിക്കാനോ അവിടുത്തെ നിയന്ത്രണം പിടിച്ചെടുക്കാനോ സാധിക്കില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം വിവാദമാവുകയും ബിജെപി പ്രതിഷേധമുയര്‍ത്തുകയും ചെയ്തതോടെ ഇവ പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം നേടിയതിന് പിന്നാലെയായിരുന്നു സെന്തില്‍കുമാറിന്റെ പരാമര്‍ശം.

Advertisement