ന്യൂഡൽഹി: ജമ്മു കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ വിമര്‍ശിച്ചു. രൂക്ഷമായ വാക്പോരാണ് ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഈ ബില്ലിന് മേൽ നടന്നത്. ജമ്മു കശ്മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്കായി സംവരണം ചെയ്യുമെന്ന് അമിത് ഷാ വ്യക്തമാക്കി.
ബില്ല് ചർച്ചയ്ക്ക് എടുത്തപ്പോൾ സഭയിൽ അമിത് ഷാ യും അധിർ രഞ്ജൻ ചൗധരിയും തമ്മിലാണ് വാക്‌പോര് നടന്നത്. കശ്മീരിലെ ജവഹര്‍ലാൽ നെഹ്റുവിന്‍റെ പങ്കിനെ കുറിച്ച് ചർച്ച ചെയ്ടാൻ അധിർ രഞ്ജൻ ചൗധരി വെല്ലുവിളിക്കുകയും ഇത് അമിത് ഷാ ഏറ്റെടുക്കുകയും ചെയ്തു. കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ ഖാപ് പഞ്ചായത്താക്കി മാറ്റിയെന്നും വാഗ്ദാനം ചെയ്ത തൊഴില്‍ പോലും ജമ്മുകശ്മീരില്‍ നല്‍കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അധിര്‍ രഞ്ജൻ ചൗധരി വിമര്‍ശിച്ചു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ചിലർക്ക് ജാതി രാഷ്ട്രീയം കളിക്കാൻ മാത്രമാണ് താത്പര്യം. മോദി സർക്കാർ പിന്നോക്ക വിഭാഗക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കും. 1.5 ലക്ഷത്തോളം പേരാണ് ഭീകരപ്രവർത്തനം കൊണ്ട് ജമ്മുകശ്മീരിൽ ദുരിതം അനുഭവിച്ചുകൊണ്ടിരുന്നത്. ഭീകരപ്രവർത്തനം കശ്മീരിൽ വർധിച്ചപ്പോഴും കോണ്‍ഗ്രസ് സർക്കാർ ശ്രദ്ധ നൽകിയില്ല. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ജമ്മുകശ്മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്കായി സംവരണം ചെയ്യും.
ജമ്മു കശ്മീരില്‍ 2023 ന് ശേഷം ഒരു കല്ലേറ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. നെഹ്റുവിന്‍റെ കാലത്ത് ജമ്മുകശ്മീരില്‍ സംഭവിച്ചത് അബദ്ധങ്ങളാണ്. അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീർ സുരക്ഷിതമായി. അമിത് ഷായും പ്രതിപക്ഷവും തമ്മില്‍ നെഹ്റുവിനെ കുറിച്ചുള്ള പരാമർശങ്ങളിൽ തർക്കമുണ്ടായി. എന്നാൽ താൻ നെഹ്റു പറഞ്ഞതാണ് പരാമർശിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത പരാമർശങ്ങളാണ് അമിത് ഷാ നടത്തുന്ന് ഡിഎംകെ എംപി എ രാജ വിമര്‍ശിച്ചു. നെഹ്റുവിന്‍റെത് ചരിത്രപരമായ അബദ്ധങ്ങളെന്ന അമിത് ഷായുടെ പരാമർശത്തില്‍ വീണ്ടും ബഹളം ഉണ്ടായി. അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിപഷേധിക്കുകയും പിന്നാലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നെഹ്റുവിന് അബദ്ധമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും ബഹളം എങ്കില്‍ ഹിമാലയൻ അബദ്ധമെന്ന് പറഞ്ഞിരുന്നെങ്കില്‍ പ്രതിപക്ഷ എംപിമാർ രാജിവെച്ചേനെയെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.