വിമാനത്തില്‍ നിന്ന് വികലാംഗയായ സ്ത്രീയെ ഇറക്കാന്‍ മറന്നു; ഇന്‍ഡിഗോയ്ക്കെതിരെ പരാതി പിന്നാലെ രൂക്ഷ വിമര്‍ശനം

Advertisement

ന്യൂഡൽഹി: വിമാനയാത്രയിൽ തനിക്ക് ഒരു ദുരാനുഭവം ഉണ്ടായതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വികലാംഗയും സാമൂഹിക പ്രവർത്തകയുമായ വിരാലി മോദി. കഴിഞ്ഞ ചൊവ്വാഴ്ച ഇൻഡിഗോ എയർലൈൻസിൽ ഡൽഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലാണ് വീരാലിക്ക് മോശം അനുഭവങ്ങളുടെ ഒരു പരമ്പര തന്നെ നേരിടേണ്ടി വന്നത്. തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ വീരാലി തന്നെയാണ് ഇക്കാര്യങ്ങളെ കുറിച്ച് പങ്കുവെച്ചത്.

ഇൻഡിഗോ എയർലൈൻസ് തങ്ങളുടെ യാത്രക്കാരിലെ വൈകല്യമുള്ള വ്യക്തികളോട് കരുതലോ കരുണയോ ഇല്ലാത്തവരാണ് എന്ന കുറ്റപ്പെടുത്തലോടെയാണ് അവർ തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് ആരംഭിക്കുന്നത്. 2006 മുതൽ അരയ്ക്ക് താഴേയ്ക്ക് തളർന്നുപോയ താൻ വീൽചെയറിന്‍റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നതെന്നും അവർ പറയുന്നു. 2023 ഡിസംബർ 5-ന് ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് 6E-864 എന്ന ഫ്ലൈറ്റിൽ യാത്ര ചെയ്തപ്പോൾ തനിക്കുണ്ടായ ദുരനുഭവങ്ങൾ വളരെ വലുതാണെന്നാണ് വീരാലി ആരോപിക്കുന്നത്. വിമാനം മുംബൈയിലെത്തി യാത്രക്കാരെല്ലാം ഇറങ്ങിയതിന് ശേഷം 40 മിനിറ്റോളം താൻ വിമാനത്തിൽ ആരെങ്കിലും തന്നെ ഒന്ന് പുറത്തിറക്കാൻ എത്തുന്നതും കാത്തിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.

ക്യാബിൻ ക്രൂ തന്നെക്കുറിച്ച് മറന്നുപോയെന്നും വിമാനത്തിനുള്ളിലെ എമർജൻസി ബട്ടൺ പ്രവർത്തിക്കാതിരുന്നതും തന്‍റെ അവസ്ഥ കൂടുതൽ സങ്കീർണമാക്കി. വിമാനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങി തനിക്ക് പോകുന്നതിനായി ഒരു വീൽചെയർ ആവശ്യപ്പെട്ടിട്ട് അതിനും ഏറെ സമയം മറുപടിയൊന്നും ലഭിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. പ്രശ്നങ്ങൾ അവിടെയും തീർന്നില്ലെന്നും ബാഗേജ് കൗണ്ടറിൽ തന്‍റെ സ്വന്തം വീൽചെയറിനായി ഒരു മണിക്കൂറോളം തനിക്ക് കാത്തിരിക്കേണ്ടി വന്നു എന്നാണ് വീരാലി ആരോപിക്കുന്നത്. മാത്രമല്ല തന്‍റെ സ്വകാര്യ വീൽചെയറിൽ പ്രത്യേകമായി ഘടിപ്പിച്ചിരുന്ന കുഷ്യൻ ഇതിനിടെ നഷ്ടമായതായും ഇവർ പറയുന്നു.

തന്‍റെ ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരമായിരുന്നു നഷ്ടപ്പെട്ടുപോയ ആ കുഷ്യൻ എന്നും അവർ സൂചിപ്പിച്ചു. “ആദ്യം, നിങ്ങൾ എന്‍റെ മാനം മോഷ്ടിച്ചു, പിന്നെ നിങ്ങൾ എന്‍റെ സ്വാതന്ത്ര്യം മോഷ്ടിച്ചു, ഇപ്പോൾ നിങ്ങൾ എന്‍റെ മനസ്സമാധാനം മോഷ്ടിക്കുന്നു. ഇൻഡിഗോ എയർലൈൻസ്, നിങ്ങൾക്ക് നാണമില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് വീരാലി തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഏതായാലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ച ആയതോടെ നിരവധി ആളുകളാണ് ഇൻഡിഗോ എയർലൈൻസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.