യുവതിയുടെ മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിൽ എലികൾ കടിച്ചു കീറി; യുപിയിൽ അന്വേഷണം

Advertisement

കാൺപൂർ: സർക്കാർ ആശുപത്രിയിൽ യുവതിയുടെ മൃതദേഹം എലികൾ കടിച്ച് കീറിയ നിലയിൽ. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്.

ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഒരു സർക്കാർ ആശുപത്രിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആത്മഹത്യ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹമാണ് എലി കടിച്ചത്. ഡിസംബർ രണ്ടിനാണ് സംഭവം നടക്കുന്നത്. ഡിസംബർ രണ്ടിനാണ് 21 കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയ യുവതി ജീവനൊടുക്കുകയായിരുന്നു.

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ മൂന്നിന് പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് തൊട്ടു മുന്നെയാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും യുവതിയുടെ മൃതദേഹത്തിൽ മുറിവുകൾ കാണുന്നത്. യുവതിയെ മൂടിയിരുന്ന തുണയടക്കം കടിച്ചു പറിച്ച നിലയിലായിരുന്നു.

തുടർന്ന് മകളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാർ അനാസ്ഥ കാണിച്ചെന്ന് ആരോപിച്ച് യുവതിയുടെ അമ്മ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. യുവതിയുടെ മൃതദേഹം ശരിയായി മറച്ചിട്ടില്ലെന്നും രാത്രിയിൽ എലികൾ കടിച്ചതാണെന്നുമാണ് സംശയിക്കുന്നതെന്നും ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഇംതിയാസ് അഹമ്മദ് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.

യുവതിയുടെ അമ്മയുടെ പരാതിയിൽ, വിഷയം അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ വീരേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ മൂന്നംഗ ഡോക്ടർമാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഡോ. ഇംതിയാസ് അഹമ്മദ് വ്യക്തമാക്കി.

അതേസമയം യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ പരാതിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്‍റെ പേരുപറഞ്ഞ് മകളെ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ അമ്മ ആരോപിച്ചു. മാനസിക പീഡനം സഹിക്കാതെയാണ് മകൾ വീട്ടിലെത്തിയതെന്നും ജീവനൊടുക്കിയതെന്നും അമ്മ പറഞ്ഞു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.