ചെന്നൈ.മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ നഗരത്തിലുണ്ടായ ദുരിതത്തിന് ഇനിയും അറുതിയായില്ല. വേലച്ചേരി, വില്ലിവാക്കം, താമ്പ്രം, ഗുഡുവഞ്ചേരി തുടങ്ങിയ മേഖലകളിലെ വെളളക്കെട്ട് ഇപ്പോഴും തുടരുകയാണ്.
ചെന്നൈയിൽ അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് നിലവിൽ വെള്ളക്കെട്ട് ഉള്ളതെന്ന് മന്ത്രി കെ എൻ നെഹ്റു അറിയിച്ചു.ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 189 ഇടങ്ങളിലാണ് വെള്ളക്കെട്ട് ഉള്ളത്. ഓരോ ഇടങ്ങളിലേയ്ക്കും 70 മോട്ടോറുകൾ എത്തിയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കെ എൻ നെഹ്റു അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് നിർത്തിവെച്ച ട്രയിൻ സർവീസുകൾ ഇന്നലെ വൈകിട്ട് പുനരാരംഭിച്ചു. ചെന്നൈ സെൻട്രലിൽ നിന്നും എഗ്മോറിൽ നിന്നും ഇന്നലെ ദീർഘദൂര സർവീസുകൾ നടത്തി. ഇന്ന് മുതൽ എല്ലാ എക്സ്പ്രസ് സർവീസുകളും സാധാരണ നിലയിൽ സർവീസ് നടത്തുമെന്ന് റെയിൽവെ വാർത്താകുറിപ്പിൽ അറിയിച്ചു. ബേസിൻ ബ്രിഡ്ജിൽ വെള്ളം കയറിയതിനെ തുടർന്നാണ് ചെന്നൈ സെൻട്രലിൽ നിന്നുള്ള സർവീസുകൾക്ക് തടസം നേരിട്ടത്. വെള്ളക്കെട്ട് തുടരുന്നതിനാൽ ചെന്നൈയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ ജില്ലയിലെ സ്കൂളുകൾക്കും അവധിയാണ്. കാഞ്ചീപുരം ജില്ലയിൽ ശ്രീപെരുമ്പത്തൂർ, കുണ്ട്രത്തൂർ താലൂക്കുകളിലും ചെങ്കൽപേട്ട് ജില്ലയിൽ താമ്പ്രം, പല്ലവാരം,ചെങ്കൽപേട്ട്, തിരുക്കഴകുൺട്രം, തിരുപോരൂർ,വണ്ടല്ലൂർ താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ദുരിത ബാധിത മേഖലകൾ സന്ദർശിച്ചു. പ്രളയ ദുരിതാശ്വാസമായി 450 കോടി രൂപയും അർബൻ ഫ്ലഡ് മാനേജ്മെന്റിനായി 500 കോടി രൂപയും കേന്ദ്രം തമിഴ്നാടിന് അനുവദിച്ചതായി രാജ്നാഥ് സിങ്ങ് അറിയിച്ചു.