സൂറത്ത്: പത്തുവയസുകാരനായ മകനെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിക്കാൻ അനുവദിച്ചെന്ന പിതാവിന്റെ പരാതിയിൽ മാതാവിനും സഹോദരനുമെതിരെ കേസെടുത്ത് പൊലീസ്. ബുധനാഴ്ചയാണ് സൂറത്ത് സ്വദേശിനിയായ ഖുശ്ബു, സഹോദരൻ നീരവ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.
അശ്രദ്ധമായി വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തി, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഖുശ്ബിനും നീരവിനുമെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ജെനീഷ് എന്നയാളാണ് ഭാര്യ ഖുശ്ബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇരുവരും രണ്ട് വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ബന്ധം നിയമപരമായി വേർപ്പെടുത്തിയിട്ടില്ല. ഖുശ്ബുവും മകനും മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് രണ്ടിനാണ് കേസിനാസ്പരദമായ സംഭവം നടന്നത്. ഖുശ്ബുവും നീരവും ദാമനിലേക്ക് കാറിൽ യാത്ര പോയ സമയത്താണ് പ്രായപൂർത്തിയാവാത്ത മകനെ ഡ്രൈവ് ചെയ്യാൻ അനുവദിച്ചതെന്ന് ജെനീഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ദേശീയപാത 48ലാണ് സംഭവം നടന്നത്. ദാമനിലേക്ക് പോകുംവഴി നീരവ് ആണ് മകനെ മടിയിൽ ഇരുത്തി കാർ ഓടിക്കാൻ അനുവദിച്ചത്. ഡിസംബർ ആറിന് ഖുശ്ബുവിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മകൻ വാഹനമോടിക്കുന്ന വീഡിയോ കണ്ടതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും ജെനീഷ് പറഞ്ഞു.
ജീവനെ അപകടത്തിലാക്കുന്ന ഗുരുതരമായ പ്രവൃത്തിയാണ് നീരവ് കുട്ടിയെ കാർ ഓടിക്കാൻ അനുവദിച്ചതിലൂടെ നടത്തിയതെന്നും പൊലീസ് അറിയിച്ചു.