മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ അച്ഛന്‍ അന്തരിച്ചു

Advertisement

ന്യൂഡൽഹി:മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ അച്ഛൻ വിശ്വനാഥൻ(91) അന്തരിച്ചു. സൗമ്യ കൊല്ലപ്പെട്ട കേസിൽ നീണ്ട കാലത്തെ നിയമ പോരാട്ടത്തിലൂടെയാണ് വിശ്വനാഥൻ ശ്രദ്ധ നേടിയത് ഹൃദ്രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

സംസ്‍കാര ചടങ്ങുകൾ ഡൽഹിയിൽ നടന്നു. സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ ഇക്കഴിഞ്ഞ നവംബര്‍ 25നാണ് നാലു പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് കോടതി വിധി വന്നത്. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം പിഴയും ഡൽഹിയിലെ സാകേത് അഡീഷനല്‍ കോടതി വിധിച്ചിരുന്നു.

ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനാല്‍ വിധി വന്നദിവസം വിശ്വനാഥന് കോടതിയിലെത്താനായിരുന്നില്ല. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. മകളുടെ കൊലപാതകത്തില്‍ നീതിക്കായി വര്‍ഷങ്ങളായി പോരാട്ട പാതയിലായിരുന്നു വിശ്വനാഥന്‍. ഇക്കഴിഞ്ഞ ഒക്ടോബർ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേള്‍ക്കാന്‍ അന്ന് വിശ്വനാഥന്‍ എത്തിയിരുന്നു. 15 വർഷം ഒരു ചെറിയ സമയമല്ലെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു വിശ്വനാഥന്‍ അന്ന് പ്രതികരിച്ചത്. വധശിക്ഷ നല്‍കിയാല്‍ ശിക്ഷ കുറഞ്ഞുപോകുമെന്നും തടവുശിക്ഷ തന്നെയാണ് ലഭിക്കേണ്ടതെന്നുമുള്ള നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. വിശ്വനാഥന്‍റെ നിശ്ചയദാര്‍ഢ്യവും നീണ്ട പോരാട്ടവും സൗമ്യ വധക്കേസില്‍ നിര്‍ണായകമായി മാറിയിരുന്നു.