ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ? കെ സുധാകരൻ എംപിയുടെ ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടിയിൽ വിവാദം

Advertisement

ന്യൂഡൽഹി: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി വിദേശകാര്യ മന്ത്രാലയം. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയിൽ ആണെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയാണ് മറുപടി നൽകിയത്. എന്നാൽ വിഷയത്തിൽ താൻ മറുപടി നൽകിയിട്ടില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട പാർലമെൻറ് ഉത്തരത്തിൽ താൻ ഒപ്പുവെച്ചിട്ടില്ല . താൻ ഉത്തരം നൽകിയെന്ന നിലയിൽ വന്ന മറുപടി കുറിപ്പ് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രിയേയും വിദേശ കാര്യ സെക്രട്ടറിയേയും എക്സ് പ്ലാറ്റ്ഫോമിലൂടെ വിവരം അറിയിച്ചിട്ടുണ്ട്.

തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി വേണമെന്നും മന്ത്രിയുടെ ഒപ്പ് എങ്ങനെ വന്നു എന്ന് അറിയണമെന്നും താൻ നൽകിയ മറുപടിയെന്ന രീതിയിൽ ഉള്ളത് ലോക്സഭ വെബ് സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി കൂട്ടിച്ചേർത്തു.