മാനനഷ്ടക്കേസുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍ ഹൈക്കോടതിയില്‍. നടി തൃഷ, നടന്‍ ചിരഞ്ജീവി, ദേശീയ വനിത കമ്മിഷന്‍ അംഗം ഖുശ്ബു എന്നിവര്‍ക്കെതിരെയാണ് അദ്ദേഹം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മൂന്ന് പേരും സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്നും തന്റെ എഡിറ്റ് ചെയ്ത വിഡിയോ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. ഒരു കോടി വീതം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.
താന്‍ തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്തത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂര്‍ണമായും കാണാതെയാണ് തനിക്കെതിരെ നടി തൃഷ രംഗത്തെത്തിയതെന്നും മന്‍സൂര്‍ പരാതിയില്‍ പറയുന്നു. തന്റെ മനസമാധാനം കെടുത്തി, അപമാനിച്ചു എന്നും പരാതിയില്‍ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയെ കുറിച്ച് മോശമായി പരാമര്‍ശിച്ചത് വിവാദമായത്. സംഭവത്തില്‍ മന്‍സൂര്‍ അലി ഖാന്‍ മാപ്പു പറഞ്ഞിരുന്നു.