തീവ്രവാദ ഗൂഡാലോചന,ബംഗളൂരുവിൽ എൻഐഎ പരിശോധന

Advertisement
 ബംഗളൂരു.കർണാടക ബംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. നഗരത്തിലെ ആറിടങ്ങളിൽ രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. തീവ്രവാദ ഗൂഡാലോചന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. 


കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ നടത്തിയ പരിശോധനയുടെയും അറസ്റ്റിൻ്റെയും തുടർച്ചയാണ് ഇന്നത്തെ പരിശോധന. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ഡിസംബർ ഒൻപതിന് മഹാരാഷ്ട്രയിലും കർണാടകയിലുമായി 44 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിൽ 15 പേർ പിടിയിലായി. ഇന്ത്യയിൽ അക്രമം നടത്താൻ പദ്ധതിയിടുന്ന തരത്തിലുള്ള നിരവധി തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

പിടിയിലായ മഹാരാഷ്ട്ര മൊഡ്യൂൾ തലവൻ സാക്കിബ് നാച്ചൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടർ പരിശോധനകൾ നടത്തുന്നത്. ഡിസംബർ ഒൻപതിന് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണവും തോക്കുൾപ്പെടെയുള്ള ആയുധങ്ങളും ഇവരിൽ നിന്നും കണ്ടെത്തിയിരുന്നു. ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ച്, രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ

Advertisement