ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷ വീഴ്ച കേന്ദ്രസർക്കാരിനെതിരെ സഭയിൽ ആയുധം ആക്കാൻ ഒരുങ്ങി പ്രതിപക്ഷം.
പാർലമെന്റിന്റ ഇരു സഭകളിലും വിഷയം ഉയർത്താൻ പ്രതിപക്ഷം തീരുമാനിച്ചു.
രണ്ടു സഭകളിലും പ്രതിപക്ഷ പാർട്ടി നേതാക്കൾ സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകും.പുതിയ പാർലമെന്റ് മന്ദിരത്തിൽ മതിയായി സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടന്നും, ബിജെപി ഭരണ കാലത്താണ് രാജ്യത്ത് ഗുരുതരമായ അക്രമങ്ങൾ ഉണ്ടായതെന്നും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.
സംഭവത്തിൽ കേന്ദ്ര സർക്കാർ തീർത്തും പ്രതിരോധത്തിലാണ്. ഔദ്യോഗികമായ വിശദീകരണത്തിനു പോലും കേന്ദ്ര സർക്കാർ ഇത് വരെ തയ്യാറായിട്ടില്ല. ഇന്ന് ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് ഭേദഗതി ബില്ലുകൾ ലോക സഭയിൽ ചർച്ച ചെയ്യാൻ ഇരിക്കെ, ആഭ്യന്തരമന്ത്രി സംഭവത്തിൽ പാർലമെന്റിൽ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.പാർലിമെന്റ് സുരക്ഷ വീഴ്ച സംബന്ധിച്ച് ഉന്നതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്ലോകസഭ സെക്രട്ടറി ജനറൽ ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.