ന്യൂ ഡെൽഹി :
പാർലമെന്റിലെ സുരക്ഷാ വീഴ്ചയിയിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. അതേസമയം സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. ഇതോടെ പ്രതിപക്ഷം ലോക്‌സഭയിൽ പ്രതിഷേധിക്കുകയാണ്. ബഹളത്തെ തുടർന്ന് ലോക്‌സഭ രണ്ട് മണി വരെ നിർത്തിവെച്ചു
അതേസമയം, ലോക്സഭയിലെ പുകയാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ബംഗാൾ സ്വദേശിയും അധ്യാപകനുമായ ലളിത് ഝാ എന്ന് വിവരം. സംഭവസമയത്ത് ഇയാൾ പാർലമെന്റിന് പുറത്തുണ്ടായിരുന്നു. പ്രതിഷേധത്തിന്റെ ലൈവ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ പങ്കുവെച്ചിരുന്നു. ലളിതിനായി തെരച്ചിൽ തുടരുകയാണ്. പാർലമെന്റിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതികൾ ജനുവരി മുതൽ ആസൂത്രണം തുടങ്ങിയിരുന്നതായി പോലീസ് പറയുന്നു
ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിംഗ് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണ് പ്രതികൾ. നേരത്തെ പ്രതികളിലൊരാളായ മനോരഞ്ജൻ മൺസൂൺ സമ്മേളനത്തിനിടെ പാർലമെന്റിനുള്ളിൽ കടന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പ്രതികൾ ബന്ധം ഉറപ്പിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് പലയിടങ്ങളിൽ നിന്നായി ഡൽഹിയിൽ എത്തി. ഇന്ത്യാ ഗേറ്റിന് സമീപത്ത് വെച്ചാണ് കാനിസ്റ്ററുകൾ കൈമാറിയത്. ഇന്നലെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇവർ സ്ഥലത്ത് എത്തിയിരുന്നു