ധോണിക്ക് ആദരവ്; ഏഴാം നമ്പര്‍ ജഴ്സി പിൻവലിച്ച്‌ ബിസിസിഐ

Advertisement

ന്യൂ ഡെല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയോടുള്ള ആദരവ് പ്രകടപ്പിച്ച്‌ ബിസിസിഐ. കരിയറില്‍ ധോണി ധരിച്ച ഏഴാം നമ്പർ ജഴ്സി ബിസിസിഐ പിൻവലിച്ചു.
ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകള്‍ നല്‍കിയ നായകനുമാണ് മഹേന്ദ്ര സിംഗ് ധോണി. മുമ്പ് സച്ചിൻ തെണ്ടുല്‍ക്കറുടെ 10-ാം നമ്പർ ജഴ്സിയും ആദര സൂചകമായി ബിസിസിഐ പിൻവലിച്ചിരുന്നു.

ഇന്ത്യൻ താരം ഷര്‍ദുള്‍ താക്കൂര്‍ 10-ാം നമ്പർ ജഴ്സി കുറച്ചുകാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനിതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ 10-ാം നമ്പര്‍ ജഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികള്‍ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി.

ഒരു താരം ഒരു വര്‍ഷത്തിലധികം ടീമിന് പുറത്തിരുന്നാലും അയാള്‍ തിരഞ്ഞെടുത്ത ജഴ്സി നമ്പർ നഷ്ടപ്പെടുകയില്ല. അതിനുവേണ്ടിയാണ് 60 വ്യത്യസ്ത നമ്പറുകളിൽ ഇന്ത്യൻ താരങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പുതുതായി ടീമിലെത്തുന്ന ഒരു താരത്തിന് 30 ഓളം വ്യത്യസ്ത നമ്പറുകളില്‍ നിന്ന് ജഴ്സി തിരഞ്ഞെടുക്കാനും നിലവില്‍ സാധിക്കും.