കാമുകന് വേണ്ടി ഭർത്താവിനെ ഒഴിവാക്കി, ഇതിനിടെ മറ്റൊരു ബന്ധം; തടസമായ കാമുകനെ കൊല്ലാൻ ക്വട്ടേഷൻ, 28കാരി പിടിയിൽ

Advertisement

ചെന്നൈ: ചെന്നൈയിൽ കാമുകനെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ യുവതിയെ പൊലീസ് പിടികൂടി. ചെന്നൈ പൊന്നേരി സ്വദേശിനിയായ പ്രിയ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. കൊറിയർ സ്ഥാപനത്തിൽ ജീവനക്കാരനായ ഗോപാലകൃഷ്ണൻ(27) ആണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവുമായി ബന്ധം സ്ഥാപിച്ചതോടെ ആദ്യ കാമുകനെ കൊലപ്പെടുത്താൻ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ 28 കാരി നാല് പേർക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

യുവതിയും ഗോപാലകൃഷ്ണനും ഒരു വർഷമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ യുവതി ഭർത്താവുമായി പിരിഞ്ഞു. ഡിവോഴ്സ് നടപടികൾ പൂർത്തിയായതോടെ ഗോപാലകൃഷ്ണൻ പ്രിയയെ വിവാഹം കഴിക്കാൻ താൽപ്പര്യപ്പെട്ടു. എന്നാൽ യുവതി ഗോപാലകൃഷ്ണനോട് അകലം പാലിച്ചു. പ്രിയ പിന്നീട് ഗോപാലകൃഷ്ണനെ വിളിക്കാതെയായി. കഴിഞ്ഞ മാസം ഗോപാലകൃഷ്ണൻ പ്രിയയെ കാണാനെത്തി. ഇതിനിടെ പ്രിയക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ഗോപാലകൃഷ്ണൻ മനസിലാക്കി. ഇതിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടാവുകയും ഇനി തന്നെ കാണാൻ വരരുതെന്ന് പ്രിയ ഗോപാലകൃഷ്ണനോട് ആവശ്യപ്പെടുകയും ചെയ്തു.

തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും ഗോപാലകൃഷ്നുമായി ബന്ധം തുടരാൻ താത്പര്യമില്ലെന്നും പ്രിയ വ്യക്തമാക്കി. എങ്ങനെയും കാമുകനെ ഒഴിവാക്കണമെന്ന് തീരുമാനിച്ച പ്രിയ ഇയാളെ കൊല്ലാൻ നാലംഗ ക്വട്ടേഷൻ ടീമിന് പണം നൽകി. തുടർന്ന് യുവതി ഗോപാലകൃഷ്ണനെ ബുധനാഴ്ച രാത്രി പൊന്നേരി മുനിസിപ്പാലിറ്റി ഓഫീസിനടുത്തേക്ക് വിളിച്ച് വരുത്തി. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ നാലംഗ സംഘം ഗോപാലകൃഷ്ണനെ പിറകിൽ നിന്നും അടിച്ച് വീഴ്ത്തി. ചോരയിൽ കുളിച്ച് കിടന്ന യുവാവിനെ നാട്ടുകാരാണ് ആദ്യം കാണുന്നത്.

വിവരമറിഞ്ഞ് പൊലീസെത്തി യുവാവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ പ്രിയ ആണെന്ന് തിരിച്ചറിഞ്ഞത്. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പൊലീസ് പ്രതി പ്രിയ തന്നെയാണെന്ന് ഉറപ്പ് വരുത്തി. സംഭവശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പരിശോധന നടത്തി വരവെയാണ് പ്രിയ പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ പിടിയിലാകുന്നത്. ക്വട്ടേഷൻ സംഘത്തിനായി അന്വേഷണം നടക്കുകയാണെന്നും പ്രിയയെ വിശദമായ ചോദ്യം ചെയ്തതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് സംഘം അറിയിച്ചു.