ലോകത്തിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളോടും കൂടിയ സൂറത്ത് ഡയമണ്ട് ബോഴ്സ് എന്ന ഓഫീസ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളോടെ ഒരുങ്ങിയ ഈ മെഗാ ഓഫീസ് സമുച്ചയം യുഎസിലെ പെന്റഗണിനേക്കാളും വലുപ്പമേറിയതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
67 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ ‘സൂറത്ത് ഡയമണ്ട് ബോഴ്സ്’ കെട്ടിടം ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ സൂറത്തിനടുത്തുള്ള ഖജോദ് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധ തരം ഡയമണ്ടിന്റെയും, ആഭരണങ്ങളുടെയും ആഗോള വില്‍പ്പന കേന്ദ്രമായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്.
ഇറക്കുമതിക്കും കയറ്റുമതിക്കുമായി അത്യാധുനിക ‘കസ്റ്റംസ് ക്ലിയറന്‍സ് ഹൗസ്’, റീട്ടെയില്‍ ജ്വല്ലറി ബിസിനസിനായുള്ള ഒരു ജ്വല്ലറി മാള്‍, അന്താരാഷ്ട്ര ബാങ്കിംഗ്, സുരക്ഷിത ലോക്കറുകള്‍ക്കുള്ള സൗകര്യം എന്നിവ ഈ ഭീമന്‍ ഓഫീസ് സമുച്ചയത്തില്‍ ഉള്‍പ്പെടും.
ഈ വര്‍ഷം ഓഗസ്റ്റില്‍, ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മെര്‍ക്കന്റൈല്‍ (ഡ്രീം) സിറ്റിയുടെ ഭാഗമായ ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ചിരുന്നു. യുഎസിലെ പെന്റഗണ്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളെ മറികടന്നാണ് സൂറത്ത് ഡയമണ്ട് ബോഴ്സ് ഇന്ത്യയുടെ അഭിമാനമായത്.