മുംബൈ:
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ചില നാഷണല്‍ ഓണ്‍ലൈന്‍ മീഡിയാസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. 2008-ല്‍ ടീമിന്റെ തുടക്കം മുതല്‍ ആദ്യം കളിക്കാരനായും പിന്നീട് ഉപദേശകനായും ടീമുമായി ബന്ധപ്പെട്ടിരുന്ന സച്ചിന്‍ വെള്ളിയാഴ്ച പ്രസ്താവനയിലൂടെ തന്റെ തീരുമാനം പ്രഖ്യാപിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിലെ അതൃപ്തിയെ തുടർന്നാണ് സച്ചിൻ രാജി വെച്ചതെന്നാണ് റിപ്പോർട്ട്. ഇന്‍ഫോമിയ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സച്ചിന്റേതായി പ്രചരിക്കുന്ന പ്രസ്താവ ഇങ്ങനെ;
‘മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ബഹുമതിയും പദവിയുമാണ്. ടീമുമായുള്ള എന്റെ സഹവാസത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു, അത് എനിക്ക് ഒരു രണ്ടാം വീട് പോലെയാണ്. എന്നിരുന്നാലും, വ്യക്തിപരമായ ചില പ്രതിബദ്ധതകള്‍ കാരണം, ഈ റോളില്‍ നിന്ന് മാറാന്‍ ഞാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി അവര്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും ഉടമകള്‍, മാനേജ്‌മെന്റ്, പരിശീലകര്‍, കളിക്കാര്‍, സ്റ്റാഫ് എന്നിവരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന സീസണിലും അതിനുശേഷവും ടീമിന് എല്ലാ ആശംസകളും നേരുന്നു’.
എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സച്ചിന്‍, മുംബൈ ഇന്ത്യന്‍സിന് വേണ്ടി 78 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 13 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2334 റണ്‍സ് നേടി. 2011ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടത്തിലേക്കും നയിച്ചു. ഇന്നലെയാണ് രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനത്ത് നിന്നും നീക്കിയത്. പകരം ഹാർദ്ദിക് പാണ്ട്യ ആണ് പുതിയ നായകൻ.