മന്ത്രവാദി നിര്‍ദേശിച്ചതുപ്രകാരം ഏഴു വയസ്സുകാരിയെ കൊന്ന് കരളും മറ്റ് അവയവങ്ങളും ഭക്ഷിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഉത്തര്‍പ്രദേശില്‍ 2020 നവംബര്‍ 14 നാണ് കാണ്‍പൂരിലെ ഘതംപൂരില്‍ ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ഏഴുവയസ്സുകാരിയെ കൊന്ന് ഇവര്‍ കരളും മറ്റ് സുപ്രധാന അവയവങ്ങളും കഴിച്ചത്. മൂന്ന് വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം, പ്രതികളായ ദമ്പതികളായ പരശുറാം, സുനൈന, അവരുടെ അനന്തരവന്‍ അങ്കുല്‍, ഇയാളുടെ കൂട്ടാളി വീരന്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അങ്കുലിനും വീരനും 45,000 രൂപ വീതവും പരശുരാമനും സുനൈനക്കും 20,000 രൂപ വീതവും കോടതി പിഴയും വിധിച്ചു.
വീടിന് പുറത്ത് കളിക്കുകയായിരുന്ന ഏഴുവയസ്സായ മകളെ കാണാതായതായി ഘതംപൂരിലെ ഒരു ഗ്രാമവാസി പോലീസില്‍ പരാതി നല്‍കിയിരുന്നു. അടുത്ത ദിവസം, പെണ്‍കുട്ടിയുടെ വികൃതമാക്കിയ മൃതദേഹം ഗ്രാമത്തിന് പുറത്തുള്ള ഒരു വയലില്‍ കണ്ടെത്തി. പരശുറാം, സുനൈന, അങ്കുല്‍, വീരേന്‍ എന്നിവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിവാഹം കഴിഞ്ഞ് 19 വര്‍ഷമായിട്ടും പരശുരാമനും സുനൈനയ്ക്കും കുട്ടികളില്ലായിരുന്നുവെന്നും തുടര്‍ന്നാണ് മന്ത്രവാദിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ കരള്‍ കഴിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ കരള്‍ പുറത്തെടുത്ത് പരശുരാമനും സുനൈനയ്ക്കും നല്‍കി.