ജനുവരിയോടെ കൊവിഡ് കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്, സ്‌കൂളുകളിൽ നിയന്ത്രണങ്ങൾ; കർശന തീരുമാനങ്ങളുമായി കർണാടക

Advertisement

ബംഗളൂരു: കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കർണാടക സർക്കാർ. ജനുവരി പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും ഒന്നാം തീയതി മുതൽ സ്‌കൂളുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് തീരുമാനം.

വിദ്യാർഥികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണം, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹികഅകലം പാലിക്കണം, ക്ലാസ് മുറിയിൽ വിദ്യാർഥികൾ അകലം പാലിച്ചിരിക്കണം, സ്‌കൂളുകളിൽ സാനിറ്റൈസേഷൻ സംവിധാനം ഒരുക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.

ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് പിന്നാലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്നാണ് ആരോഗ്യവിദ​ഗ്ദ്ധരുടെ നിരീക്ഷണം. കഴിഞ്ഞ 24 മണിക്കൂറിൽ 23 പുതിയ കൊവിഡ് കേസുകളാണ് കർണാടകയിൽ സ്ഥിരീകരിച്ചത്. ഇതോടെ 105 പേർക്കാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 85 പേർ വീടുകളിലും 25 പേർ ആശുപത്രിയിലുമാണ്. ഇതിൽ ഒൻപത് പേർ ഐസിയുവിലാണ്. 24 മണിക്കൂറിൽ 2263 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് ടെക്‌നിക്കൽ അഡൈ്വസറി കമ്മിറ്റി യോഗത്തിലെ തീരുമാനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല. എന്നാൽ കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണം ശക്തമാക്കും. മുതിർന്ന പൗരൻമാർക്ക് മാസ്‌ക് നിർബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കൂട്ടാനും തീരുമാനമുണ്ട്.

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും കൊവിഡ് ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement