ഗുസ്തി താരങ്ങളുടെ പ്രതിഷേധം, ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതിയെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു

Advertisement

ന്യൂഡെല്‍ഹി. കണ്ണീരോടെ ബൂട്ട് ഉപേക്ഷിച്ചതും പത്മശ്രീ ഉപേക്ഷിച്ചതും ഫലം കണ്ടു, ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു.

താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിലവിലെ നേതൃത്വം പഴയ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്‌പോര്‍ട്‌സ് മന്ത്രാലയം പിരിച്ചുവിടാനുള്ള കാരണമായും പറയുന്നു. ഇത് സ്‌പോര്‍ട്‌സ് കോഡിന്റെ ലംഘനമാണ്. മുന്‍ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍നിന്നാണ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. താരങ്ങള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിക്കുന്ന ഇടങ്ങളാണ് ഇതെന്നും ഇക്കാര്യം നിലവില്‍ കോടതി പരിഗണനയിലാണെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്രംഗ് പുണിയ പദ്മശ്രീ തിരിച്ചുനല്‍കി. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ടഴിച്ചു. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്ബിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എല്ലാത്തിലുമുപരി മോദി സര്‍ക്കാരിനുമീതേ വലിയ കറയായി ഗുസ്തിതാരങ്ങളോടുള്ള അവഗണന മാറിയതോടെ നേതൃത്വം ഇടപെട്ടതായാണ് സൂചന.

Advertisement