നായ കുരച്ചതിനെ ചൊല്ലി തർക്കം: യുവാവ് വയറ്റിൽ ചവിട്ടി, 65കാരിക്ക് ദാരുണാന്ത്യം

Advertisement

ഇൻഡോർ: വളർത്തു നായയുടെ കുരയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് 65കാരിയെ കൊലപ്പെടുത്തി. സ്ത്രീയുടെ വളർത്തു നായ തന്നെ നോക്കി തുടർച്ചയായി കുരച്ചതോടെയാണ് യുവാവ് പ്രകോപിതനായത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

പ്രതി തൻറെ കടയടച്ച് ശാന്തി നഗറിലെ വീട്ടിലേക്ക് പോകുമ്പോൾ മുസാഖേഡി പ്രദേശത്താണ് സംഭവം നടന്നതെന്ന് ആസാദ്‌ നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു. ഒരു നായ തുടർച്ചയായി പ്രതിയെ നോക്കി കുരയ്ക്കാൻ തുടങ്ങി. ഇതോടെ പ്രതി രോഷാകുലനായി. രാത്രി 10.30നായിരുന്നു ഇത്.

അതിനിടെ നായയുടെ ഉടമയായ 65 വയസ്സുള്ള സ്ത്രീ വീട്ടിൽ നിന്ന് പുറത്തിറങ്ങി. ഇതോടെ യുവാവും സ്ത്രീയും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ യുവാവ് സ്ത്രീയുടെ വയറ്റിൽ ചവിട്ടി. അവർ റോഡിൽ വീണു. അതിനിടെ ആരൊക്കെയോ ഓടിക്കൂടി സ്ത്രീയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെവെച്ച് മരണം സംഭവിച്ചു. പിന്നാലെ നാട്ടുകാർ സംഭവിച്ചത് പൊലീസിനെ അറിയിച്ചു. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആസാദ്‌ നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു.