‘അമേരിക്കയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചത് 96,917 പേർ’; ‘ഓടിപ്പോവുന്നവരുടെ’ ഞെട്ടിക്കുന്ന കണക്കുകളുമായി എംപി

Advertisement

ന്യൂഡൽഹി: ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വർഷവും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നതെന്ന് വി ശിവദാസൻ എംപി. കൊവിഡിന് ശേഷം, രാജ്യം വിടുന്നവരുടെ എണ്ണം 30 മടങ്ങ് ആയി വർധിച്ചു. 2020-21ൽ 30,662 പേരാണ് അമേരിക്കയിലേക്ക് നിയമവിരുദ്ധ മാർഗങ്ങളിലൂടെ പോയത്.

2021-22ലും നിയമവിരുദ്ധ കുടിയേറ്റം ഇരട്ടിയായി. ആ വർഷം 63,927 പേരാണ് നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്നും അമേരിക്കയിൽ എത്താൻ ശ്രമിച്ചത്. 2022-23ൽ 96,917 പേരാണ് അമേരിക്കയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചതെന്നും വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ നൽകിയ കണക്കുകൾ പ്രകാരമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ശിവദാസൻ എംപി പറഞ്ഞു.

വി ശിവദാസന്റെ കുറിപ്പ്: നടുക്കുന്ന ഇന്ത്യൻ യാഥാർഥ്യം. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വർഷവും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്. അമേരിക്കയിലേക്ക് മാത്രം പലായനം ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളമാണ് എന്ന് വിദേശകാര്യമന്ത്രാലയം എനിക്ക് രാജ്യസഭയിൽ നൽകിയ കണക്കിൽ നിന്നും വ്യക്തമാകുന്നു.

2018-19 ൽ 8027 ഇന്ത്യക്കാരാണ് യുഎസിൽ നുഴഞ്ഞു കയറിയത്. കോവിഡിന്റെ സാഹചര്യത്തിൽ ഈ സംഖ്യ, 2019-20 ൽ 1227 ആയി. കോവിഡിന് ശേഷം, ഓടിപ്പോവുന്ന ഇന്ത്യക്കാരുടെ എണ്ണം 30 മടങ്ങ് ആയി വർധിച്ചു. 2020-21ൽ 30662 പേരാണ് ഇത്തരത്തിൽ അമേരിക്കയിലേക്ക് ഓടിപ്പോയത്. 2021-22 ലും നിയമവിരുദ്ധകുടിയേറ്റം ഇരട്ടിയായി. 63927 പേരാണ് നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്നും അമേരിക്കയിൽ എത്താൻ ശ്രമിച്ചത്. 2022-23 ൽ 96,917 പേരാണ് അമേരിക്കയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ബിജെപിയുടെ പ്രചാരവേലയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന കണക്കുകൾ ആണിത്.

Advertisement