വർഷങ്ങൾക്കു് മുമ്പ് തിരുവനന്തപുരം ചാലയിലെ കച്ചവടം മതിയാക്കി മദ്രാസിലേക്ക് വണ്ടി കയറുമ്പോൾ വിജയകാന്ത് ഇങ്ങനെയൊക്ക ആയി തീരുമെന്ന് ആരും കരുതിക്കാണില്ല.
ഒരു കാലത്ത് തമിഴ് സിനിമയില്‍ രജനിക്ക് മുകളില്‍ ആരാധകര്‍ ക്യാപ്റ്റന്‍ വിജയകാന്തിന് ഉണ്ടായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പകരക്കാരനായാണ് വിജയകാന്ത് അറിയപ്പെട്ടിരുന്നത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ആണ് വിജയകാന്ത്. 1980കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്.
‘ക്യാപ്റ്റന്‍ പ്രഭാകരന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് പേരിനൊപ്പം ‘ക്യാപ്റ്റന്‍’ എന്ന പദവി താരത്തിന് ലഭിക്കുന്നത്. വിജയകാന്തിന്റെ 100-ാം ചിത്രമായിരുന്നു ക്യാപ്റ്റന്‍ പ്രഭാകരന്‍. സത്യമംഗലം കാട്ടില്‍ വിഹരിക്കുന്ന വീരഭദ്രന്‍ എന്ന കൊള്ളക്കാരനെ പിടിക്കുവാന്‍ വരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായാണ് വിജയകാന്ത് ചിത്രത്തില്‍ വേഷമിട്ടത്. വളരെ സാഹസികമായിട്ടുള്ള ആക്ഷന്‍ രംഗങ്ങളില്‍ വിജയകാന്തിന്റേത് ഗംഭീര പ്രകടനമായിരുന്നു.
ഡ്യൂപ്പില്ലാതെയാണ് മിക്ക സിനിമകളിലും വിജയകാന്ത് അഭിനയിച്ചത്. ‘സേതുപതി ഐപിഎസ്’ എന്ന ചിത്രത്തില്‍ 1994ല്‍, ഡ്യൂപ്പില്ലാതെ ക്ലോക്ക് ടവറില്‍ വലിഞ്ഞു കയറിയ വിജയകാന്തിന്റെ വീഡിയോ 28 വര്‍ഷത്തിന് ശേഷം നിര്‍മ്മാണ കമ്പനിയായ എവിഎം പുറത്തുവിട്ടത്. ചെന്നൈയില്‍ തീവ്രവാദികള്‍ ക്ലോക്ക് ടവറില്‍ സ്ഥാപിച്ച ബോംബ് നിര്‍വീര്യമാക്കുന്നത് ആയിരുന്നു ക്ലൈമാക്‌സ്. വിജയകാന്തിന്റെ കഥാപാത്രം ക്ലോക്ക് ടവറില്‍ വലിഞ്ഞുകയറി കൂറ്റന്‍ ഘടികാരത്തിന്റെ സൂചികള്‍ തിരിക്കുന്ന ഈ രംഗങ്ങളാണ് ഡ്യൂപ്പില്ലാതെ വിജയകാന്ത് ചെയ്തത്.
ഒരു കാലത്ത് ജയലളിതയ്ക്കും കരുണാനിധിക്കും എതിരെ ശബ്ദം ഉയര്‍ത്തിയിരുന്ന പ്രതിപക്ഷ നേതാവ് ആയിരുന്നു വിജയകാന്ത്. ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രമേഹം മൂലം ഇടയ്ക്ക് കാല്‍വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നെങ്കിലും രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും വിജയകാന്ത് സജീവമായി തുടര്‍ന്നിരുന്നു.
അതേസമയം, 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ. 1980ല്‍ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമയാണ് വിജയകാന്തിന് തമിഴ് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. ചിത്രം ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടെത്തിയ എസ്.എ ചന്ദ്രശേഖറിന്റെ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയും വിജയകാന്തിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. 1984ല്‍ വിജയകാന്തിന്റെ 18 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.