ഖത്തറില്‍ തടവിലായ മലയാളി ഉള്‍പ്പടെ 8 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ചാരവൃത്തി ആരോപിക്കപ്പെട്ടാണ് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറില്‍ വധശിക്ഷക്ക് വിധിച്ചത്. ശിക്ഷ ലഘൂകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവര്‍ക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍. കസ്റ്റഡിയിലെടുത്ത മുന്‍ ഉദ്യോഗസ്ഥരില്‍ ഒരാളുടെ സഹോദരി മീതു ഭാര്‍ഗവ തന്റെ സഹോദരനെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ സഹായം തേടിയിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചിരുന്നു.