ബെംഗളൂരു: അപ്പാർട്ട്മെൻറ് സമുച്ചയത്തിലെ നീന്തൽ കുളത്തിൽ 9 വയസ്സുകാരി മരിച്ച നിലയിൽ. ബെംഗളൂരുവിലെ വർത്തൂർ – ഗുഞ്ചൂർ റോഡിലെ അപ്പാർട്ട്മെൻറിലെ സ്വിമ്മിങ് പൂളിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസ എന്ന 9 വയസ്സുകാരിയാണ് മരിച്ചത്. കുട്ടി കുടുംബത്തോടൊപ്പം ഈ അപ്പാർമെൻറിലാണ് താമസിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് പ്രസ്റ്റീജ് ലേക്ക് സൈഡ് ഹാബിറ്റാറ്റ് അപാർട്ട്മെൻറിൽ ദാരുണ സംഭവം നടന്നത്. കുട്ടി അബദ്ധത്തിൽ സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നീന്തൽ കുളത്തിന് സമീപത്തെ വൈദ്യുത വിളക്കിൻറെ വയറിൽ തട്ടിയാണ് കുട്ടി വീണതെന്നും പറയുന്നു. എന്നാൽ, മരണ കാരണം മുങ്ങിമരണമാണോ അതോ വൈദ്യുതാഘാതമാണോ എന്നത് പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാകൂ. റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടി സ്വിമ്മിങ് പൂളിൽ വീണുകിടക്കുന്നത് കണ്ടതോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് വൈദ്യുതാഘാതമേറ്റതായി സംശയമുണ്ട്. എന്നാൽ ശരീരത്തിൽ പുറമേ മുറിവുകളൊന്നുമില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്താണ് മരണ കാരണമെന്ന് വ്യക്തമാകൂ എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി-വൈറ്റ്ഫീൽഡ്) ശിവകുമാർ ഗുണാരെ പറഞ്ഞു.
“എന്റെ മകൾക്ക് നീതി ലഭിക്കണം. അവളുടെ മരണത്തിൻറെ കാരണം അറിയണം. പൊലീസ് ഇക്കാര്യം അന്വേഷിക്കണം”- പെൺകുട്ടിയുടെ പിതാവ് പറഞ്ഞു, ഇത് മറ്റൊരു കുട്ടിക്കും സംഭവിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പാർട്ട്മെൻറിലെ താമസക്കാരും പ്രതിഷേധിച്ചു. അതിനിടെ കുട്ടി സ്വിമ്മിങ് പൂളിലേക്ക് പോകുന്ന അവസാന സിസിടിവി ദൃശ്യം ടൈംസ്നൌ പുറത്തുവിട്ടു. നീല ബാഗുമെടുത്ത് സന്തോഷത്തോടെ ലിഫ്റ്റിൽ കയറുന്ന കുട്ടിയുടെ ദൃശ്യമാണ് പുറത്തുവന്നത്.