സ്കൂൾ ടൂറിനിടെ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറി പ്രധാനാധ്യാപിക, ചിത്രങ്ങൾ വൈറൽ, നടപടി

Advertisement

ചിന്താമണി: സ്കൂൾ ടൂറിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ വൈറൽ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾ ലീക്കായതിന് പിന്നാലെ 42കാരിയായ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു.

കർണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സർക്കാർ സ്കൂളിലെ ടൂർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ബുധനാഴ്ച മുതലാണ് വൈറലായത്. വിദ്യാർത്ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

സ്കൂൾ ടൂറിനിടെ 42കാരിയായ അധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുകയും വിദ്യാർത്ഥിയേക്കൊണ്ട് അധ്യാപികയെ എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന്റെ ചിത്രങ്ങളും എടുത്തിരുന്നു. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പരാതിയുമായി മുന്നോട്ട് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്ക് എതിരെ നടപടിയെടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുള്ളത്. സംഭവത്തിൽ ബിഇഒയുടെ റിപ്പോർട്ട് അനുസരിച്ച് പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഡിസംബർ 22 മുതൽ 25 വരെ ഹോരാനാട്, ധർമ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്കൂളിൽ നിന്ന് വിനോദയാത്ര പോയത്. ഈ യാത്രയ്ക്കിടയിലാണ് വിവാദ ചിത്രങ്ങൾ എടുത്തിട്ടുള്ളത്.

മറ്റൊരു വിദ്യാർത്ഥിയേക്കൊണ്ട് രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാൽ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് ബിഇഒ റിപ്പോർട്ടിൽ പറയുന്നത്. 2005ലാണ് ഈ അധ്യാപിക പ്രൈമറി സ്കൂൾ അധ്യാപികയായി വിദ്യാഭ്യാസ വകുപ്പിൽ ജോലിക്കെത്തുന്നത്. 2015ലാണ് ഇവർക്ക് ഹൈസ്കൂളിലേക്ക് പ്രമോഷൻ ലഭിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.