രാമക്ഷേത്രം രാജ്യത്തിൻെറ സ്വന്തമെന്ന് മോദി, പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം

Advertisement

ന്യൂഡൽഹി: അയോധ്യയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11 മുതൽ ആരംഭിച്ച വിവിധ ഉദ്ഘാടന ചടങ്ങുകൾക്കുശേഷം വൈകിട്ട് മൂന്നോടെയാണ് അയോധ്യയിൽ നടന്ന പൊതുസമ്മേളനത്തിൽ നരേന്ദ്ര മോദി സംസാരിച്ചത്.

രാവിലെ അയോധ്യയിൽനടന്ന റോഡ് ഷോക്ക് ശേഷമാണ് വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നത്. അയോധ്യയിലെ പുതുക്കി പണിത അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, ആറു പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ തുടങ്ങിയവയുടെ ഉദ്ഘാടനവും അയോധ്യ ​ഗ്രീൻഫീൽഡ് ടൗൺഷിപ്പിൻറെ തറക്കല്ലിടലും നരേന്ദ്ര മോദി നിർവഹിച്ചു.

ആധുനിക അയോധ്യ രാജ്യ ഭൂപടത്തിൽ അഭിമാനമാകുമെന്നും രാമക്ഷേത്രം രാജ്യത്തിൻറെ സ്വന്തമാണെന്നും അയോധ്യയിലെ പ്രതിഷ്ഠാ ദിനം വീടുകളിലും ആഘോഷിക്കണമെന്നും പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജയ് ശ്രീറാം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്.

“എന്നെ അനു​ഗ്രഹിച്ച അയോധ്യയിലെ ജനങ്ങൾക്ക് നന്ദി. ഈ ദിവസം രാജ്യ ചരിത്രത്തിൽ രേഖപ്പെടുത്തും. വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ അയോധ്യ വലിയ ഊർജം നൽകുന്നു. വികസനവും പാരമ്പര്യവും ഭാരതത്തെ മുന്നോട്ടു നയിക്കും. ജനുവരി 22 ലെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. രാജ്യത്തെ ഓരോ തരി മണ്ണിൻറെയും സേവകനാണ് ഞാൻ, ഞാനും വലിയ കൗതുകത്തോടെ കാത്തിരിക്കുകയാണ്. ഭാവിയിൽ യുപിയുടെ വികസനത്തിന് ദിശകാട്ടുന്നത് അയോധ്യയാകും. അയോധ്യയിലെ വികസനം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എല്ലാവരും ജനുവരി 22 ന് അയോധ്യയിൽ വന്നാൽ ബുദ്ധിമുട്ടാകും. രാമഭക്തർ ക്ഷേത്രത്തിൽ പിന്നീട് വരാൻ ശ്രമിക്കണം” -നരേന്ദ്ര മോദി പറഞ്ഞു.

അയോധ്യ ലോകത്തെ ഏറ്റവും വൃത്തിയുള്ള ന​ഗരമായിരിക്കണമെന്നും ഇത് അയോധ്യാവാസികളുടെ ഉത്തരവാദിത്തമാണെന്നും ജനുവരി 22 ന് വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണമെന്നും നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

Advertisement