റാഞ്ചി: ഫോണ്‍ സംഭാഷണത്തിനിടെ മകന്‍റെ കരച്ചിൽ ശല്യമായി. രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. ഝാർഖണ്ഡിലെ ഗിരിദി ജില്ലയിലാണ് സംഭവം.
അഫ്സാന ഖാത്തൂൻ എന്ന യുവതിയാണ് പിഞ്ചുമകനെ കൊലപ്പെടുത്തിയത്. നിസാമുദ്ദീന്‍ എന്നയാളുടെ ഭാര്യയായ ഇവർക്ക് രണ്ട് പുത്രന്‍മാരാണ് ഉള്ളത്. മൂത്ത മകന് നാലും രണ്ടാമത്തെ മകന് രണ്ടു വയസുമാണ് പ്രായം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വർഷം കഴിഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുവതിയുടെ ഭർതൃപിതാവിന്റെ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വ്യാഴാഴ്ച ഭർത്താവുമായി വാക്ക് തർക്കമുണ്ടായതിന് പിന്നാലെ യുവതി രണ്ട് വയസുകാരനേയുമെടുത്ത് മുറിയിൽ കയറി വാതിൽ അടച്ചു. ഫോണിൽ ആരോടോ സംസാരിക്കുന്നതിനിടെ മകന്‍ കരയാന്‍ ആരംഭിച്ചു. ഇതോടെ അസ്വസ്ഥയായ യുവതി മകനെ സമാധാനിപ്പിക്കുന്നതിന് പകരം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. മകന്‍ മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ലെന്നും ഭർത്താവ് ഉറങ്ങാനായി രാത്രി മുറിയിലെത്തുമ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതെന്നുമാണ് ഭർതൃവീട്ടുകാർ ആരോപിക്കുന്നത്.
ഭർതൃവീട്ടുകാർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കുഞ്ഞിനെ കൊന്നിട്ടില്ലെന്നാണ് യുവതിയുടെ അവകാശവാദം. കരഞ്ഞ കുഞ്ഞിനെ കട്ടിലിൽ നിന്ന് തള്ളിയപ്പോൾ നിലത്ത് വീണിരുന്നുവെന്ന് യുവതി പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. തുടർ നടപടികൾക്കായി കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.