മോദിയെ സ്വീകരിക്കാനുള്ള ഫ്ളക്സ് ബോർഡുകൾ തൃശൂർകോർപ്പറേഷൻ അഴിപ്പിച്ചു, തിരിച്ച് കെട്ടിച്ച് ബിജെപി

Advertisement

തൃശ്ശൂർ:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവർത്തകർ തൃശൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ കോർപ്പറേഷൻ അഴിപ്പിച്ചു. പിന്നീട് ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടി. ഉച്ചയോടെയായിരുന്നു സംഭവം.

തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോർഡുകളാണ് കോർപ്പറേഷൻ വാഹനത്തിലെത്തി ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷൻ അനീഷ് കുമാറിൻറെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ബോർഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തിൽ കയറ്റിയ ഫ്ലക്സ് ബോർഡുകൾ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.

നവകേരള സദസ്സിൻറെ മുഖ്യമന്ത്രിയുടെ ബോർഡും കഴിഞ്ഞ ദിവസം നടന്ന ഐഎൻടിയുസി സംസ്ഥാന സമ്മേള ബോർഡും നഗരത്തിലുണ്ടായിരുന്നു. ഇതൊന്നും അഴിപ്പിക്കാതെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ളക്സ് അഴിപ്പിച്ചത് രാഷ്ട്രീയമാണന്നും അത് അനുവദിക്കില്ലെന്നും ബിജെപി നിലപാടെടുത്തു. പ്രകടനവുമായെത്തിയ പ്രവർത്തകർ കോർപ്പറേഷൻ ഗേറ്റിന് മുന്നിൽ ഫ്ളക്സ് കെട്ടുകയും ചെയ്തു. പിന്നാലെ ഉദ്യോഗസ്ഥർ തന്നെ ഫ്ളക്സ് ബോർഡുകൾ തിരികെ കെട്ടി