പുതുവർഷ രാവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത് 3000 പേർ, ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകും

Advertisement

ഹൈദരാബാദ്: പുതുവത്സര രാവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 3000 ലധികം പേരെ പിടികൂടി ഹൈദരാബാദ് പൊലീസ്. മിക്ക സംഭവങ്ങളുമുണ്ടായത് പുലർച്ചെ ഒന്നിനും നാലിനും ഇടയിലാണെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദില്‍ 1241ഉം സൈബരാബാദില്‍ 1243ഉം രചകൊണ്ടയില്‍ 517 കേസുകളുമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റര്‍ ചെയ്തത്.

1988ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെന്‍ഡ് ചെയ്യാന്‍ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആകെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്കെതിരെയാണ്. ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ ഹൈദരാബാദിൽ 1066 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, സൈബരാബാദ് പൊലീസ് 938 കേസുകളും രചക്കൊണ്ട പൊലീസ് 431 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

നാല് ചക്ര വാഹനങ്ങളുടെ കാര്യത്തിൽ ഹൈദരാബാദ് പൊലീസ് 135 പേര്‍ക്കെതിരെയും രചകൊണ്ട പൊലീസ് 76 പേർക്കെതിരെയും കേസെടുത്തു. സൈബരാബാദിൽ 275 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായവരില്‍ 13 പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. മദ്യപിച്ച് വാഹനമോടിച്ചവര്‍ക്ക് എതിരെ ശക്തമായ നടപടി എടുത്തതിനാല്‍ നഗരത്തില്‍ അപകട രഹിത പുതുവര്‍ഷം പുലര്‍ന്നെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ അവിനാഷ് മൊഹന്തി പറഞ്ഞു.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പ്രത്യേക നടപടി പുതുവര്‍ഷത്തിന് മുന്നോടിയായി പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു. രാത്രി 8 മണി മുതൽ നഗരത്തിലുടനീളം ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ ചിലയിടങ്ങളില്‍ ജനങ്ങളും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. അതേസമയം ഇത്തരം നടപടികളിലൂടെ അപകടങ്ങളില്ലാത്ത പുതു വര്‍ഷം ആഘോഷിക്കാനായെന്ന് പൊലീസ് അവകാശപ്പെട്ടു.