‘രാഹുലിനും പ്രിയങ്കക്കും അതിനുള്ള യോഗ്യതയില്ല’; അയോധ്യ ക്ഷേത്ര ചടങ്ങിലേക്ക് ഇരുവർക്കും ക്ഷണമുണ്ടാകില്ല

Advertisement

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിക്കും പ്രിയങ്കാ ​ഗാന്ധിക്കും ക്ഷണമുണ്ടായേക്കില്ലെന്ന് റിപ്പോർട്ട്. രാമക്ഷേത്ര തീർഥക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവർക്കും ക്ഷണം ലഭിക്കാനുള്ള യോ​ഗ്യതയില്ലാത്തതാണ് കാരണമെന്നും ട്രസ്റ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് സോണിയാ ​ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗ​യെയും ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയെന്ന നിലയിൽ ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്രയാണ് സോണിയയെ ക്ഷണിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.

മുഖ്യധാരാ പാർട്ടികളുടെ അധ്യക്ഷൻമാർ, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ, 1984-നും 1992-നും ഇടയിൽ രാമക്ഷേത്ര പ്രസ്ഥാനത്തിൽ പങ്കെടുത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള രാഷ്ട്രീയ അതിഥികൾക്കാണ് ട്രസ്റ്റ് ക്ഷണക്കത്ത് അയക്കുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വിഎച്ച്പി വർക്കിങ് പ്രസിഡന്റ് അലോക് കുമാർ ക്ഷണിച്ചിരുന്നു.

2014 മുതൽ ലോക്‌സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ലാത്തതിനാൽ വിഎച്ച്പി കോൺഗ്രസിന്റെ സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയെയും ക്ഷണിച്ചു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും ഉടൻ കത്തയക്കുമെന്നും പറയുന്നു. ബിജെപി പ്രവർത്തകരായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ചടങ്ങിലേക്ക് വിഎച്ച്പി ക്ഷണിച്ചിട്ടുണ്ട്.

അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിൻ്റെ ആവശ്യമില്ലെന്ന് കോൺ​ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. ശ്രീരാമൻ ഹൃദയത്തിലുണ്ട്. പഴയ വിഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു. ചടങ്ങിലേക്ക് കോൺ​ഗ്രസ് നേതാക്കൾക്കളെയടക്കം ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് ദ്വി​ഗ് വിജയ്സിം​ഗിന്റെ പരാമർശം. കോൺ​ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. സോണിയ ​ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോ​ധ്യയിലേക്ക് പോകുമെന്നും ദ്വി​ഗ് വിജയ്സിം​ഗ് പറഞ്ഞിരുന്നു.

Advertisement