ബംഗളൂരു: 1158 ജോഡി നൈകി ഷൂകള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന ഷൂസുകളാണ് മോഷ്ടിച്ചത്.
മറ്റ് നഗരങ്ങളിൽ കൊണ്ടുപോയി പകുതി വിലയ്ക്ക് വിൽക്കുന്നതിനാണ് പ്രതികള്‍ ഷൂ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. അസം സ്വദേശികളായ ഷുബൻ പാഷ (30), മൻസാർ അലി (26), ഷാഹിദുൽ റഹ്മാൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യ സൂത്രധാരൻ സാലിഹ് അഹമ്മദ് ലസ്‌കർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
2023 ഡിസംബർ 21 നാണ് സംഭവം നടന്നത്. അത്തിബെലെയിലെ നൈക്കി ഷോറൂമിൽ നിന്ന് സൗഖ്യ റോഡിലെ ഇ കൊമേഴ്‌സ് പോർട്ടലായ മിന്ത്രയുടെ ഗോഡൌണിലേക്ക് ഷൂകൾ ട്രക്കില്‍ കൊണ്ടുപോകുമ്പോഴാണ് മോഷണം നടന്നത്. ഷൂസുമായി പോയ ട്രക്ക് ഓടിച്ചിരുന്നത് സാലിഹ് അഹമ്മദ് ലസ്‌കര്‍ ആയിരുന്നു. വൈകിട്ട് ആറരയോടെ നൈക്കി ഗോഡൗണിൽ നിന്ന് ലസ്‌കർ പുറത്തിറങ്ങിയെങ്കിലും കൃത്യസമയത്ത് മിന്ത്ര ഗോഡൗണിൽ എത്തിയില്ല. രാത്രി 9.15 ഓടെ സൂപ്പർവൈസർ മഞ്ജുനാഥ് ലസ്കറിനെ വിളിച്ചു. അപ്പോള്‍ 10 മിനിറ്റിനുള്ളിൽ എത്തുമെന്നാണ് ലസ്കർ പറഞ്ഞത്. പിന്നാലെ ലസ്കറിന്‍റെ ഫോണ്‍ ഓഫായി. ഏറെനേരം കഴിഞ്ഞിട്ടും ട്രക്ക് മിന്ത്ര ഗോഡൌണില്‍ എത്താതിരുന്നതോടെ, ട്രക്കിൽ സ്ഥാപിച്ചിരുന്ന ജിപിഎസ് ഉപകരണം വഴി വാഹനം എവിടെയാണെന്ന് കണ്ടെത്തി. പുലർച്ചെ 1.30 ഓടെ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അപ്പോഴേക്കും ട്രക്കിലെ ഷൂസുകള്‍ മാറ്റിയിരുന്നു.
തുടര്‍ന്ന് അത്തിബെലെ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ വാഹനത്തിൽ നിന്ന് ഷൂസ് ഇറക്കി ഒരു മുറിയിലേക്ക് മാറ്റിയതായി കണ്ടെത്തി. പിന്നീട് ഇതേ ഷൂസുകള്‍ മറ്റൊരു വാഹനത്തില്‍ കയറ്റിയെന്നും വ്യക്തമായി. വാഹനം പിന്തുടര്‍ന്ന പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ബ്രാൻഡഡ് വസ്ത്രങ്ങൾ മോഷ്ടിച്ച കേസില്‍ ലസ്‌കർ മുമ്പ് അറസ്റ്റിലായിരുന്നു. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇയാൾ നൈകി ഷൂകളെത്തിക്കുന്ന ജോലിയിൽ പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റേതെങ്കിലും മെട്രോപൊളിറ്റൻ നഗരത്തില്‍ കൊണ്ടുപോയി പകുതി വിലയ്ക്ക് വില്‍ക്കാനാണ് ഷൂസ് മോഷ്ടിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.