ലഖ്നൗ: നിർമാണത്തിലെ അപാകത കാരണം ശുചിമുറി ഉപയോഗിക്കാതെ ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ഗ്രാമങ്ങൾ. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലാണ് ആയിരങ്ങൾ മുടക്കി ഓരോ വീടുകളിലും ശുചിമുറി നിർമിച്ച് നൽകിയത്.
എന്നാൽ ശുചിമുറി ഉപയോഗിക്കാനാകില്ലെന്നും ഇപ്പോൾ പഴയ സാധനങ്ങൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നതെന്നും ഗ്രാമവാസികൾ പറയുന്നു. പലരും പ്രാഥമികാവശ്യങ്ങൾക്കായി തുറസായ സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നതത്. വാർത്താ ഏജൻസിയായ എഐഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഗ്രാമത്തലവൻ ഞങ്ങളുടെ ടോയ്‌ലറ്റ് മൂന്ന് വർഷം മുമ്പ് നിർമ്മിച്ച് നൽകി. പക്ഷേ ഞങ്ങൾ അത് ഉപയോഗിക്കുന്നില്ല. ഉപയോഗിക്കാനാകുന്ന രീതിയിലല്ല നിർമിച്ചത്- സീതാപൂർ ജില്ലയിലെ സിധൗലി ബ്ലോക്കിലെ നാത്പൂർവ ഗ്രാമവാസിയായ നീലം ദേവി പറഞ്ഞു. ഇവരുടെ കുടുംബത്തിൽ 12 അംഗങ്ങളുണ്ട്. എല്ലാവരും തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യുന്നു. ഗുണനിലവാരമില്ലാത്ത ഇഷ്ടികയാണ് നിർമാണത്തിനുപയോഗിച്ചതെന്നും ഇവർ പറഞ്ഞു.
ആദ്യത്തെ ഒരു വർഷം ശുചിമുറി ഉപയോഗിച്ചു. അതിനുശേഷം ഉപയോഗം നിർത്തി. കുടുംബത്തിൽ ഒമ്പത് പേരുണ്ട്. ഇപ്പോൾ എല്ലാവരും മലമൂത്രവിസർജനത്തിന് പുറത്തു പോകുന്നു. അതിഥികൾ വരുമ്പോൾ അവരും പുറത്തുപോകും- സിധൗലി ബ്ലോക്കിലെ ഗാർഹ ഗ്രാമത്തിലെ വിലാസ ദേവി (65) പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം സീതാപൂരിലെ 2,310 ഗ്രാമങ്ങളിലായി 6,14,658 ശുചിമുറികൾ നിർമ്മിച്ചു. വ്യാപകമായി ബോധവൽക്കരണം നടത്താൻ സർക്കാർ ശ്രമിച്ചിട്ടും പലരും ശുചിമുറി ഉപയോഗിക്കുന്നില്ല. കക്കൂസ് നിർമിക്കാൻ സർക്കാരിൽ നിന്ന് 12,000 രൂപയാണ് ലഭിക്കുക. പലയിടത്തും ശുചിമുറിയിലേക്ക് ജലസേചന സൗകര്യമില്ല.