ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ മൂടൽമഞ്ഞുള്ള സമയങ്ങളിൽ പ്രത്യേക പരിശീലനം സിദ്ധിച്ച പൈലറ്റുമാരെ നിയോഗിക്കാതിരുന്നതിന് രണ്ട് വിമാനക്കമ്പനികൾക്ക് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി. എയർ ഇന്ത്യയ്ക്കും സ്‍പൈസ് ജെറ്റിനുമെതിരെയാണ് നടപടി. CAT-III മാനദണ്ഡമനുസരിച്ചുള്ള പരിശീലനം ലഭിച്ച പൈലറ്റുമാരെ ഈ സമയങ്ങളിൽ ജോലിക്ക് നിയോഗിക്കാതിരുന്നത് കാരണം നിരവധി സർവീസുകൾ വഴിതിരിച്ചു വിടേണ്ടിവന്ന സാഹചര്യത്തിലാണ് നടപടി.
രണ്ട് വിമാന കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ കാര്യം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. മൂടൽമഞ്ഞുപോലെ വ്യക്തമായ കാഴ്ച ഒരുപരിധി വരെ അസാധ്യമാവുന്ന സാഹചര്യങ്ങളിൽ പോലും CAT III ഇൻസ്ട്രുമെന്റ് ലാന്റിങ് സംവിധാനത്തിന്റെ സഹായത്തോടെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്യാനും പറന്നുയരാനും പ്രത്യേക പരിശീലനം പൂർത്തിയാക്കിയ പൈലറ്റുമാരെയാണ് CAT-III പ്രാവീണ്യമുള്ള പൈലറ്റുമാരെന്ന് അറിയപ്പെടുന്നത്. ഇത്തരം പൈലറ്റുമാരെ വിമാനക്കമ്പനികൾ ഡ്യൂട്ടിക്ക് നിയോഗിക്കാതിരുന്നത് കാരണം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിടേണ്ടിവന്നു.
ഡിസംബർ 24നും 27നും രാത്രി അൻപതിലധികം സർവീസുകൾ ഡൽഹി വിമാനത്താവളത്തിൽ നിന്ന് മൂടൽമഞ്ഞ് കാരണം തിരിച്ചുവിട്ടു. 26ന് ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞ സാഹചര്യത്തിൽ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. 50 മീറ്ററിൽ കുറഞ്ഞ ദൂരക്കാഴ്ചയെ സീറോ വിസിബിലിറ്റിയായിട്ടാണ് കണക്കാക്കുന്നത്. രാവിലെ 8.30ഓടെ കാഴ്ച 75 മീറ്ററായി വർദ്ധിച്ചുവെങ്കിലും പിന്നീട് വീണ്ടും 50 മീറ്ററായി കുറഞ്ഞു. പൈലറ്റുമാരുടെ ഡ്യൂട്ടി സംബന്ധിച്ച നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകാനാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്ഞുള്ള സമയങ്ങളിലും ലാന്റിങ് സാധ്യമാവുന്ന CAT III ഇൻസ്ട്രുമെന്റ് ലാന്റിങ് സംവിധാനം പ്രവർത്തന സജ്ജമാക്കിയിട്ടുള്ള വിമാനത്താവളത്തിൽ CAT III പരിശീലനം ലഭിക്കാത്ത പൈലറ്റുമാർക്ക് മൂടൽമഞ്ഞുള്ള സമയത്ത് ലാന്റിങും ടേക്കോഫും നടത്താൻ സാധിക്കില്ല.