ന്യൂഡൽഹി: ഉത്തരേന്ത്യയിൽ തുടരുന്ന അതിശൈത്യത്തിൽ റെയിൽവേയ്ക്ക് നഷ്ടം കോടികൾ. ട്രെയിന്‍ സർവ്വീസുകൾ താമസിച്ചത് മൂലം 20000 ടിക്കറ്റുകളാണ് ഡിസംബർ മാസത്തിൽ മാത്രമ റദ്ദാക്കിയത്.
റെയിൽവേയുടെ മൊറാദാബാദ് ഡിവിഷനാണ് കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. 1.22 കോടി രൂപയാണ് ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാർക്ക് റെയിൽവേ തിരികെ നൽകേണ്ടി വന്നത്.
ക്യാന്‍സൽ ചെയ്ത ടിക്കറ്റുകളിൽ 4230 എണ്ണം ബറേലിയിൽ നിന്നും 3239 എണ്ണം മൊറാദാബാദിലും 3917 ടിക്കറ്റുകൾ ഹരിദ്വാറിലും 2448 ടിക്കറ്റുകൾ ഡെറാഡൂണിലുമാണ് റദ്ദാക്കിയതെന്നാണ് മൊറാദാബാദ് ഡിവിൽണൽ മാനേജർ രാജ് കുമാർ സിംഗ് വിശദമാക്കുന്നത്. കനത്ത മൂടൽ മഞ്ഞ് മൂലം തീരെ ആള് കുറഞ്ഞ ട്രെയിനുകൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് രാജ് കുമാർ സിംഗ് വിശദമാക്കിയത്. മാർച്ച് വരെ 42 ട്രെയിനുകളാണ് റദ്ദാക്കിയത്.
1.22 കോടി രൂപ ആളുകൾക്ക് തിരികെ നൽകി. കടുത്ത ശൈത്യത്തിന്റെ പിടിയിലാണ് ഉത്തരേന്ത്യ. പഞ്ചാബ്, ഹരിയാന. ചണ്ഡിഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാന്റെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. നാല് ദിവസത്തിലധികമായി തുടരുന്ന മൂടൽമഞ്ഞിൽ പല നഗരങ്ങളിലും കാഴ്ചാപരിമിതി 50 മീറ്ററിൽ താഴെയെത്തി. ഡൽഹി വിമാനത്താവളത്തിൽ ഒട്ടേറെ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിനോദ സഞ്ചാരികളോട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ പരിശോധിച്ച് ജാഗ്രത പാലിക്കാനും രാത്രി യാത്ര ഒഴിവാക്കണമെന്നുമാണ് മുന്നറിയിപ്പ്.